പ്രധാനമന്ത്രിയെ സ്വീകരിച്ച് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ്

single-img
17 June 2017

കൊച്ചി: മെട്രൊ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തില്‍ എത്തുന്നതിനു അരമണിക്കൂര്‍ മുമ്പാണ് വിമാനത്താവളത്തിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്.

കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബീഫ് ഫെസ്റ്റ് അരങ്ങേറിയത്. നാവിക സേന വിമാനത്താവളത്തിനു സമീപമുള്ള എടിഎസ് ജംഗ്ഷനിലെ നടുറോഡില്‍ കുത്തിയിരുന്ന് ബീഫും റൊട്ടിയും കഴിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. 15 ഓളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു.

ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.