സെന്‍കുമാറിനെ വിടാതെ പിന്തുടര്‍ന്ന് സര്‍ക്കാര്‍; ഡി.ജി.പിക്ക് ആഭ്യന്തര സെക്രട്ടറിയുടെ നോട്ടീസ്

single-img
17 June 2017

തിരുവനന്തപുരം: കോടതി ഉത്തരവിലൂടെ ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി. സെന്‍കുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാര്‍. ഡി.ജി.പി എന്ന നിലക്ക് ഇറക്കിയ ഉത്തരവിന് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് വെള്ളിയാഴ്ച സെന്‍കുമാറിന് നോട്ടീസ് നല്‍കുകയുണ്ടായി. സര്‍വിസില്‍നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുന്ന സെന്‍കുമാറിനെതിരെ അച്ചടക്ക നടപടി ഉള്‍പ്പെടെ കൈക്കൊള്ളുന്നതിന് മുന്നോടിയായാണ് വിശദീകരണം ആരായല്‍ എന്നാണ് സൂചന.

പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിന്റെ ചുമതല തനിക്കാണെന്നുള്‍പ്പെടെ വ്യക്തമാക്കി ഡി.ജി.പി കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണമാണ് ആരാഞ്ഞത്. നേരത്തേ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടിയിലും എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ കയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലും സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി. സെന്‍കുമാര്‍ ഫയലുകള്‍ പരിശോധിക്കുന്നത് സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കാനാണെന്ന് തച്ചങ്കരി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ടി ബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്നതുള്‍പ്പെടെ ഡി.ജി.പിയുടെ നിര്‍ദേശവും ചീഫ് സെക്രട്ടറി റദ്ദാക്കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയ നോട്ടീസിനു കൂടി വിശദീകരണം തേടിയ ശേഷം സെന്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നീക്കമാണ് നടക്കുന്നതെന്ന് സൂചനയുണ്ട്. അതോടെ വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റ് സ്ഥാനമാനങ്ങളും നിഷേധിക്കപ്പെടാന്‍ കാരണമായേക്കും.