ഖത്തര്‍ തൊഴില്‍ പ്രതിസന്ധി: ആശങ്കാകുലരായി പ്രവാസികള്‍

single-img
17 June 2017

ദോഹ: അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കാകുലരായിരിക്കുന്നവരില്‍ ഏറെയും പ്രവാസികളാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടിയെത്തിയവര്‍. അതില്‍ത്തന്നെ ഏറ്റവും കൂടുല്‍ ഉള്ളത് മലയാളി പ്രവാസികളും. എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് പറഞ്ഞുവിടുമെന്ന ഭീതിയിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴില്‍ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ വര്‍ധിച്ചു വരുന്ന ജീവിത ചിലവാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഉപരോധം വന്നതോടെ ഭക്ഷണ സാമഗ്രികളുടെ വില നാള്‍തോറും കുതിച്ചുയരുകയാണ്. ഭക്ഷണ സാമഗ്രികളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാരം നടത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരും ഖത്തര്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ധനവിനിമയം നടത്തിയിരുന്നത്. അത്തരക്കാരെ ഇന്നത്തെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.

അജിത്ത് എന്ന യുവാവ് ഖത്തറില്‍ ഇലക്ട്രീഷ്യനായി തൊഴില്‍ തേടി എത്തിയിട്ട് ഏഴ് മാസമെ ആയിട്ടുള്ളു. 17000 രൂപയാണ് രാവന്തിയോളം പണിയെടുത്താല്‍ അജിത്തിന് ലഭിക്കുന്ന ശമ്പളം. ശമ്പളത്തിന്റെ സിംഹഭാഗവും നാട്ടിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഖത്തറിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഈ 31 കാരന്‍. കടകളില്‍ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. പണ്ടത്തേതിന്റെ ഇരട്ടി വില കൊടുത്തിട്ടു പോലും ഒന്നും ലഭ്യമാകാത്ത അവസ്ഥ. ഖത്തറിലേക്കുള്ള പച്ചക്കറിയും പാലും മുട്ടയും ഇറച്ചിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ അധികവും വരുന്നത് സൗദിയില്‍ നിന്നോ സൗദിവഴിയോ ആണ്. അജിത്തിന്റെ മാത്രമല്ല നാട്ടിലെ അടുപ്പ് പുകയാന്‍ ജോലി തേടി ഖത്തറിലെത്തിയ ഭൂരിഭാഗം പ്രവാസികളുടെയും അവസ്ഥ ഇതാണ്.