ഈ കയ്യടി മെട്രോമാനുള്ള ആദരവും, ഉദ്ഘാടന ചടങ്ങില്‍ നിന്ന് ശ്രീധരനെ ആദ്യം ഒഴിവാക്കിയവര്‍ക്കുള്ള മറുപടിയും

single-img
17 June 2017

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരന് ലഭിച്ചത് നരേന്ദ്ര മോദിയ്ക്ക് പോലും ലഭിക്കാത്ത രീതിയിലുള്ള കയ്യടി. സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന് സ്വാഗതം പറഞ്ഞതോടെയാണ് സദസ് നീണ്ടുനിന്ന കയ്യടികളോടെ ശ്രീധരനെ വരവേറ്റത്. കയ്യടികള്‍ക്കൊപ്പം ചൂളംവിളികളും സദസില്‍ നിന്നുയര്‍ന്നു. കയ്യടി ശബ്ദം ഉയര്‍ന്നതോടെ ഏലിയാസ് ജോര്‍ജ് തന്റെ പ്രസംഗം താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴും സദസില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു.

നേരത്തെ, മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇ.ശ്രീധരനെ അടക്കമുള്ളവരെ ഒഴിവാക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത് അനുസരിച്ചാണ് അദ്ദേഹത്തെയും വേദിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.