മെട്രോയ്ക്ക് പിന്നില്‍ ഈ അഞ്ച് മുഖ്യന്മാര്‍

single-img
17 June 2017

കൊച്ചി: കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് പുതിയമുഖം നല്‍കുന്ന കേരളത്തിന്റെ അഭിമാനം കൊച്ചി മെട്രോ ഇന്ന് യാഥാര്‍ഥ്യമാവുമ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടോളം കേരളത്തില്‍ മാറി മാറി ഭരണം നിര്‍വ്വഹിച്ച അഞ്ച് ഭരണത്തലവന്മാരുടെ നിശ്ചയദാര്‍ഢ്യവും നിസ്തുലമായ ഇടപെലുമാണ് ഈ സ്വപ്‌നസാഫല്യത്തിനു പിന്നിലെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

1996 ല്‍ അധികാരത്തിലേറിയ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ‘കേരളത്തിലും ഒരു മെട്രോ റെയില്‍’ എന്ന ആശയം ഗവണ്‍മെന്റ് തലത്തില്‍ ആദ്യമായി കടന്നു വരുന്നത്. കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ‘റൈറ്റ്‌സ്’ എന്ന ഏജന്‍സിയെക്കൊണ്ടു 50 ലക്ഷം രുപം ചിലവിട്ടു നടത്തിയ പഠനത്തില്‍ പരിഹാര മാര്‍ഗമെന്ന നിലയില്‍ ദീര്‍ഘകാല പദ്ധതിയായി നിര്‍ദ്ദേശിച്ചത് മെട്രോ റെയില്‍ ആയിരുന്നു.

മാസ് റാപ്പിഡ് ട്രാന്‍സ്‌പോട്ട് സിസ്റ്റം എന്നായിരുന്നു അന്നത്തെ പദ്ധതിയുടെ പേര്. പക്ഷേ അന്ന് പദ്ദതി ആലോചനാ ഘട്ടത്തില്‍ മാത്രം ഒതുങ്ങിപ്പോയപ്പോള്‍ 2001 ല്‍ പിന്നാലെ എത്തിയ ആന്റണി സര്‍ക്കാര്‍ പദ്ധതിയുമായി കുറേക്കൂടി മുന്നോട്ടു പോവുകയായിരുന്നു. പക്ഷേ അപ്പോഴത്തെ പ്രധാനമായൊരു തര്‍ക്ക വിഷയമായിരുന്നു കൊച്ചിയില്‍ മെട്രോ വേണോ സ്‌കൈ ബസ് വേണോ എന്നത്?. ഒടുവില്‍ സ്‌കൈ ബസ് മതിയെന്ന തീരുമാനത്തിലെത്തിയെങ്കിലും കാര്യങ്ങളൊന്നും തന്നെ മുന്നോട്ടു പോയില്ല.

പിന്നീട് ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തപ്പോഴാണ് യഥാര്‍ത്ഥത്തില്‍ കൊച്ചി മെട്രോ പദ്ധതിക്ക് ജീവന്‍ വെക്കുന്നത്. പൊതു പങ്കാളിത്തത്തില്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു അന്നത്തെ തീരുമാനം. ഇതിനായി സര്‍ക്കാര്‍ അഞ്ചു കമ്പനികളെ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ തൊട്ടു പിന്നാലെയെത്തിയ 2006 ലെ തിരഞ്ഞടുപ്പില്‍ സര്‍ക്കാര്‍ മാറി വരികയായിരുന്നു.

വിഎസ് അച്ച്യുദാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതു സര്‍ക്കാര്‍ പക്ഷേ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മെട്രോ നിര്‍മ്മാണത്തിന് എതിരായിരുന്നു. ഡല്‍ഹി മാതൃകയില്‍ ഡിഎംആര്‍സിയെ പദ്ധതി ഏല്‍പിക്കണമെന്നായിരുന്നു വിഎസ് സര്‍ക്കാരിന്റെ നിലപാട്. പക്ഷേ ഇതിനായി അഞ്ച് വര്‍ഷം സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും പദ്ദതിക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. അതേ സമയം മെട്രോ നിര്‍മ്മാണത്തിന്റെ മുന്നൊരുക്കമായുള്ള നോര്‍ത്ത് മേല്‍പാലം, എംജി റോഡ് വീതി കൂട്ടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപ അനുവദിച്ചത് വിഎസ് സര്‍ക്കാറായിരുന്നു.

ഇന്ന് പ്രവര്‍ത്തന സജ്ജമായിരിക്കുന്ന കൊച്ചി മെട്രായുടെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നടന്നത് വീണ്ടും അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തായിരുന്നു. മെട്രായ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചത്, വിദേശ വായ്പയില്‍ ഒപ്പുവെച്ചത്, അന്നത്തെ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് തറക്കല്ലിട്ടത്, മെട്രോയുടെ നിര്‍മ്മാണോദ്ഘാടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മേല്‍നോട്ടത്തില്‍ നടന്നു.

തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവും മുമ്പ് മെട്രോ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യാന്‍ അദ്ദേഹം നടത്തിയ കധിനാദ്ധ്വാനമാണു കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തെ ത്വരിതപ്പെടുത്തിയത്. അതോടൊപ്പം കൊച്ചി മെട്രോയുടെ ആദ്യ ട്രെയിന്‍ മുട്ടം മെട്രോ യാര്‍ഡില്‍ ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനോടനുബന്ധിച്ച് തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

2016 ല്‍ പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോഴേക്കും മെട്രോയുടെ പണികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. പക്ഷേ അത്യാധുനിക ടെക്‌നോളജിയുമായി എല്ലാ കുറവുകളും പരിഹരിച്ചകൊണ്ടുള്ളൊരു മെട്രോയുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഒരു വര്‍ഷം കാത്തിരിക്കുകയും ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുകയും ചെയ്തു.