വിവാദമുണ്ടാക്കിയവര്‍ ഇപ്പോള്‍ നിരാശയിലെന്ന് പിണറായി; വികസനകാര്യത്തില്‍ കേന്ദ്രത്തിന് പോസ്റ്റീവ് സമീപനം

single-img
17 June 2017

കൊച്ചി മെട്രോ സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍ക്ക് നിരാശയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിനുള്ളത് പോസിറ്റീവ് സമീപനമാണ്. കേരളത്തിന്റെ വരും വികസനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായം വേണം. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം ഏറ്റെടുക്കുന്നു. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കണമെന്നത് സര്‍ക്കാര്‍ നിലപാടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.ശ്രീധരന്റെ അനിതരസാധാരണമായ നേതൃപാടവമാണ് മെട്രോ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇടയാക്കിടയത്. കേരളത്തിന് വികസനകാര്യങ്ങളില്‍ ഒരുപാട് മുന്നേറാനുണ്ട്. വികസനം എന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന വെങ്കയ്യ നായിഡുവിന്റെ പ്രഖ്യാപനം ഏറ്റെടുക്കുന്നു. കേരളത്തിന്റെ ഏതു വികസനപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കൊച്ചി മെട്രോയിലൂടെ സംരംഭകര്‍ക്ക് നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കു വേണ്ടി വിമര്‍ശിക്കുന്നതിലൂടെ സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.