കേരളത്തിന്റെ സ്വപ്‌നസാഫല്യം: കൊച്ചി മെട്രോ ഇന്ന് കുതിപ്പ് തുടങ്ങും

single-img
17 June 2017

കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി മെട്രോ കുതിപ്പ് തുടങ്ങുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മെട്രോ നാടിന് സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10.35ന് എത്തുന്ന പ്രധാനമന്ത്രി അവിടെ തയാറാക്കിയ കവാടത്തില്‍ റിബണ്‍ മുറിച്ചശേഷം ട്രെയിനില്‍ കയറും. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് അദ്ദേഹം സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ ട്രെയിനില്‍ സഹയാത്രികരാകും. ട്രെയിന്‍ യാത്രയ്ക്കുശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ്.

ക്ഷണിക്കപ്പെട്ട 3500ഓളം അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന വേദിയുടെ സുരക്ഷാചുമതല എസ്പിജിക്കാണ്. കൊച്ചി നഗരം കണ്ടിട്ടുള്ള വി.വി.ഐ.പി. സുരക്ഷാ ക്രമീകരണങ്ങളില്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങളാണ് നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും എസ്.പി.ജിയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ഫോണുകള്‍ക്കും കാറിന്റെ റിമോട്ട് താക്കോലുകള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം പ്ലാസ്റ്റിക്, കടലാസ് ഗ്ലാസുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് എസ്.പി.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാളെ നഗരത്തിലെയും പരിസരത്തെയും അനാഥാലയങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സ്‌നേഹയാത്ര ഒരുക്കിയിട്ടുണ്ട്. മറ്റന്നാളാണ് പൊതുജനത്തിനായി മെട്രോ തുറന്നുകൊടുക്കുക. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് മെട്രോ ട്രെയിനുകള്‍ ഓടുക. ഇപ്പോള്‍ 11 സ്റ്റേഷനാണുള്ളത്. മൂന്നു കോച്ചുള്ള ആറു ട്രെയിനാണ് ആലുവ മുതല്‍ പാലാരിവട്ടംവരെ ഇരുവശത്തേക്കും ഓടുക. ഒമ്പതു മിനിറ്റ് വ്യത്യാസത്തിലാണ് ഓരോ ട്രെയിനും എത്തുക. ഒരു ട്രെയിനില്‍ ആയിരത്തോളം പേര്‍ക്ക് കയറാം.

 

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ്

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ്

Posted by evartha.in on Friday, June 16, 2017