കൊച്ചിയുടെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
17 June 2017

കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിച്ചു.

”എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. കൊച്ചി മെട്രോയുടെ പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ജനങ്ങളോടൊപ്പം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു” എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തിന്റെ അഭിമാന പദ്ധതിയില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും തുല്യപങ്കാളിത്തമുള്ള ഉദ്യമമാണ് കൊച്ചി മെട്രോ.

2000 കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു കേന്ദ്രം നല്‍കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരത്തോളം വനിതകളും 23 ഭിന്നലിംഗക്കാരുമാണ് കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പരിസ്ഥിതി സൗഹാര്‍ദ വികസനത്തിന്റെ മാതൃകയാണ്. മെട്രോ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹകരിച്ച കൊച്ചിയിലെ ജനങ്ങളെയും മെട്രോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് മെട്രോയുടെ കോച്ചുകള്‍. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് ചെന്നൈയിലെ അല്‍സ്റ്റോമാണ് അവ നിര്‍മിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പട്ടികയിലെ ആദ്യ റൗണ്ടില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന് അറിയപ്പെടും. രാജ്യത്തെ 50 നഗരങ്ങള്‍ മെട്രോ തുടങ്ങാന്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊച്ചി മെട്രോയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കിയത്. മെട്രോ ഉദ്ഘാടനത്തിന് ആരെ വിളിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് ആശങ്കയുണ്ടായിരുന്നില്ല. ഉദ്ഘാടനം വിവാദമാക്കാന്‍ ശ്രമിച്ചവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു.

തിരക്ക് പിടിച്ച പരിപാടികളുള്ളയാളാണ് പ്രധാനമന്ത്രി, അദ്ദേഹം ഈ പരിപാടിക്ക് വന്നതിന് നന്ദി അറിയിക്കുന്നു. രാജ്യത്താകെയുള്ള തൊഴിലാളികളാണ് മെട്രോ യാഥാര്‍ത്ഥ്യമാക്കിയതെന്നും പിണറായി വ്യക്തമാക്കി. ഇ.ശ്രീധരന്‍ മെട്രോക്ക് പിന്നില്‍ വഹിച്ച പങ്കിനെയും പിണറായി എടുത്തു പറഞ്ഞു. വിഭവശേഷി കുറഞ്ഞ കേരളത്തിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളത്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സ്വാഗത പ്രഭാഷണത്തിനിടെ ഇ.ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ വേദിയില്‍ നിലക്കാത്ത കൈയ്യടികളായിരുന്നു. കരഘോഷം മിനിട്ടുകളോളം നീണ്ടുനിന്നു. നേരത്തെ പ്രധാനമന്ത്രിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തിയാണ് സ്വീകരിച്ചത്.

പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.