കുമ്മനത്തിന്റെ ‘കള്ളയാത്ര’; സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി

single-img
17 June 2017

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിലെ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാട മുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത കുമ്മനം രാജശേഖരന്‍ കടന്നു കയറിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നും എസ്പിജി അത് പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമല്ലാത്തയാള്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറിയത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണം.

ഇ.ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും ഈ കടന്നുകയറലും ചേര്‍ത്ത് കാണണം. സ്ഥലം എംഎല്‍എ പിടി തോമസിനെ ഉള്‍പ്പെടുത്താനും തയ്യാറായില്ല. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണമെന്നും മന്ത്രി കടകംപള്ളി ആവശ്യപ്പെട്ടു.