ഏത് പദവിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജേക്കബ് തോമസ്; സര്‍ക്കാരിന് കത്തയച്ചു

single-img
17 June 2017

തിരുവനന്തപുരം: പദവിയില്‍ വ്യക്തത തേടി സര്‍ക്കാരിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് കത്ത് നല്‍കി. താന്‍ ഏത് പദവിയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ നീക്കം. വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിന് ഇതുവരെ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വരെയാണ് ജേക്കബ് തോമസ് അവധിക്ക് അപേക്ഷ സമര്‍പിച്ചിരുന്നത്.

വിജിലന്‍സ് മേധാവിയായിരിക്കെ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണെന്നും, ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജേക്കബ് തോമസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.