ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിയെ നുണ പരിശോധന നടത്തണമെന്ന് പൊലീസ്; സിബിഐ അന്വേഷിക്കണമെന്ന് യുവതി

single-img
17 June 2017

ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പെണ്‍കുട്ടി മൊഴിമാറ്റിയ സാഹചര്യത്തില്‍ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്നാണ് ആവശ്യം. പൊലീസിനെ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കോടതിയെ സമീപിച്ചത്.

കേസില്‍ നേരത്തെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. പ്രതിഭാഗം വക്കീലിനെഴുതിയ കത്തില്‍ ലൈംഗിക ആക്രമണത്തിനിടയില്‍ ജനനേന്ദ്രിയം മുറിച്ചതാണ് എന്ന മൊഴി പൊലീസ് കെട്ടിച്ചമച്ചതാണ് എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കരുതിയിരുന്നത്. തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പോ അതിനു ശേഷമോ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ല.

അയ്യപ്പദാസ് എന്നയാള്‍ ഗംഗേശാന്ദയ്‌ക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ തന്നെയും ഭാഗമാക്കുകായിരുന്നു എന്നും കത്തില്‍ പരാമര്‍ശമുണ്ട്. സംഭവത്തെക്കുറിച്ച് അയ്യപ്പദാസിന്റെ നിര്‍ദേശപ്രകാരം പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് തന്റെ മൊഴി മാറ്റുകയും ലൈംഗികാക്രമണത്തിനിടെ ജനനേന്ദ്രിയം മുറിച്ചു എന്ന മൊഴി കെട്ടി ചമയ്ക്കുകയും ചെയ്തു എന്നും പെണ്‍കുട്ടി പറഞ്ഞു.