പനിച്ചുവിറച്ച് കേരളം; കോഴിക്കോട് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു

single-img
17 June 2017

സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയില്‍ എച്ച്1 എന്‍1 ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പളി പൂതംകൂനിയില്‍ നിഷ(34) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലയില്‍ കഴിയവേയാണ് മരണം. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിഷയ്ക്ക് എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്‌
മാറ്റുകയായിരുന്നു. എച്ച്1എന്‍1 ബാധിച്ച് കോഴിക്കോട് വടകര ഭാഗത്ത് മരിക്കുന്ന രണ്ടാമാത്തെയാളാണ് ഇത്. രണ്ടുദിവസങ്ങള്‍ക്കുമുമ്പാണ് എച്ച്1എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചത്.

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 10പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആയി. വിവിധ ജില്ലകളില്‍ പനിബാധിതരുടെ എണ്ണം കൂടുകയാണ്. മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍.

എച്ച്1 എന്‍1, ഡെങ്കിപ്പനി, വൈറല്‍ പനി തുടങ്ങിയ വിവിധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയതെന്ന് കണക്കുകള്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് 161 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 62 പേര്‍ തലസ്ഥാനത്ത് നിന്നുമുള്ളവരാണ്. കൊല്ലം ജില്ലയില്‍ 12ഉം പത്തനംതിട്ടയില്‍ നിന്ന് അഞ്ചും ആലപ്പുഴയില്‍ എട്ടും എറണാകുളത്ത് 23ഉം, തൃശ്ശൂരില്‍16ഉം മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളില്‍ ആറും വയനാടില്‍ ഏഴും കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ എട്ട് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ മെഡിക്കല്‍ കോളജുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും വിവരങ്ങളാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ചികില്‍സ ഫലപ്രദമാക്കാന്‍ അന്യസംസ്ഥാനങ്ങളുടെ സഹായം തേടണമെന്നും, മുഖ്യമന്ത്രി ഉടന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.