ഇ. ശ്രീധരനെ പ്രധാനമന്ത്രി തഴഞ്ഞെങ്കിലും മുഖ്യമന്ത്രി മറന്നില്ല;ഉദ്ഘാടനത്തിന് പിന്നില്‍ നിന്ന ശ്രീധരനെ പ്രധാനമന്ത്രിക്കും തനിക്കുമിടയിലേക്ക് വിളിച്ചുനിര്‍ത്തി മുഖ്യമന്ത്രി.

single-img
17 June 2017

കൊച്ചി: ഇ ശ്രീധരന്റെ പേരിലായിരുന്നു കേരളത്തില്‍ മെട്രോയെ സംബന്ധിച്ച് ഉണ്ടായ ഒരു പ്രധാനവിവാദം. ഇ ശ്രീധരനെ ഉദ്ഘാടനവേദിയില്‍ നിന്ന് ഒഴിവാക്കിയ പിഎംഒയുടെ നീക്കത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചാണ്, തീരുമാനം മാറിയതും.സമാനമായ സംഭവമാണു ഉദ്ഘാടനവേദിയിലും കണ്ടത്.

വിശിഷ്ടാതിധികള്‍ക്കൊപ്പം മെട്രോ സ്‌റ്റേഷനിലെത്തിയതാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും.റിബ്ബണ്‍ മുറിക്കാന്‍ എല്ലാവരും അണിനിരന്നപ്പോളായിരുന്നു മുഖ്യമന്ത്രി ചുറ്റും നോക്കിയത്. ഇ ശ്രീധരനെ അന്വേഷിച്ച് തന്നെയായിരുന്നു.പിന്നില്‍ നിന്ന ശ്രീധരനെ പ്രധാനമന്ത്രിക്കും തനിക്കുമിടയിലേക്ക് മുഖ്യമന്ത്രി വിളിച്ചുനിര്‍ത്തി.

അതേസമയം മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മെട്രോമാനെ കുറിച്ച് ഒരു വാക്കുപോലും സൂചിപ്പിക്കാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. പതിനഞ്ച് മിനുട്ട് നീണ്ട പ്രസംഗത്തില്‍ മെട്രോയുടെ ശില്‍പി ഇ. ശ്രീധരന്റെ പേര് പ്രധാനമന്ത്രി ഒരിടത്തും പരാമര്‍ശിച്ചില്ല. മോദിയുടെ ഉദ്ഘാടന പ്രസംഗത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും ഇ. ശ്രീധരനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. എന്നാല്‍ മോദിയുടെ പ്രസംഗം ശ്രീധരനെ മറന്നുകൊണ്ടുള്ളതായിരുന്നു.

കൊച്ചി മെട്രോയുടെ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന നയം വിശദീകരിക്കുകയായിരുന്നു മോദി. ഡിജിറ്റല്‍ കാര്‍ഡിലൂടെ കൊച്ചി മെട്രോയുടെ മുഖം മാറ്റുമെന്നും മോദി പറഞ്ഞുവെച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുമായി സംസാരിച്ച മോദി ഗതാഗത മന്ത്രി തോമസ് ചാണ്ടിയേയും പരിചയപ്പെട്ടു. ഈ സമയത്തെല്ലാം വേദിയുടെ ഒരറ്റത്ത് ശ്രീധരനുണ്ടായിരുന്നു.

പ്രസംഗത്തിന് മുന്‍പോ ശേഷമോ വേദിയിലുള്ള ശ്രീധരന്റെ അടുത്തേക്ക് മോദി നടന്നടുക്കുകയോ ഒന്നു കൈപിടിച്ച് അഭിനന്ദിക്കുകയോ ചെയ്യുമെന്ന് തങ്ങള്‍ കരുതിയിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്. എന്നാല്‍ അതും ഉണ്ടായില്ലെന്നും ഇനി അങ്ങനെയുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതുകൊണ്ട് മോദി അത് വേണ്ടെന്നുവെച്ചതാണോ എന്നുമാണ് ചിലരുടെ ചോദ്യം.