മോദിയുടേത് ‘തള്ള്’ മാത്രമോ?; പൊള്ളയായ വാഗ്ദാനങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോര്‍ട്ട്

single-img
16 June 2017

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 3 വര്‍ഷം പിന്നിടുമ്പോള്‍ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്ത് നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുക എന്നുമായിരുന്നു അധികാരത്തിലേറുമ്പോഴുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രധാന അവകാശവാദം. പക്ഷേ ഭരണം 3 വര്‍ഷം പിന്നിടുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി പുറത്തു വരികാണ്‌.

രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തുന്ന രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാന മന്ത്രിക്ക് യോഗം വിളിക്കേണ്ടുന്ന അസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറി. 2018 ഓടെ ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം മൂന്ന് ലക്ഷം കൂടി വര്‍ധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന പ്രവചിച്ചതിന് പിന്നാലെയാണ് മോദി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ തൊഴില്‍ അവസരം വിലയിരുത്താന്‍ പ്രത്യേക യോഗം ചേരുന്നത്.

മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ തുടങ്ങിയ കൊട്ടിഘോഷിക്കപ്പെട്ട പരിപാടികള്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും ഇന്ത്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും എന്‍ഡിഎ വാഗ്ദാനം ചെയ്തിരുന്നു. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ മോദിയുടെ വാഗ്ദാനം. പക്ഷേ ഇവയെല്ലാം ദിവാസ്വപ്നം മാത്രമാവുകയും ജോലി സാദ്ധ്യതകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുത്തനെ താഴുകയുമാണുണ്ടായത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയായിരുന്നു മോദി ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി തുടങ്ങിയ 2015-16 കാലയളവില്‍. അഞ്ചാം വാര്‍ഷിക തൊഴില്‍ അവസര സര്‍വേ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 77 ശതമാനം വീട്ടുടമസ്ഥരും സ്ഥിരമായി ശമ്പളവും വേതനവുമില്ലാത്തവരാണ്. ഗ്രാമീണ തൊഴില്‍ദാനപദ്ധതി (മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതി)യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് തൊഴിലില്ലായ്മ ഒരു ശമനവുമില്ലാതെ തുടരുന്നു എന്നുമാത്രമല്ല, സ്ഥിതിഗതി കൂടുതല്‍ വഷളാകുന്നു എന്നാണ്.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 2016ല്‍ 1.77 കോടി ആയിരുന്നു. 2017 ല്‍ അത് 1.8 കോടി കവിയുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന വാര്‍ത്തയോട് പുറം തിരിഞ്ഞ സര്‍ക്കാര്‍, കണക്കുകളും തങ്ങള്‍ക്കെതിരായി വന്നപ്പോഴാണ് യോഗം വിളിക്കാന്‍ തയ്യാറായത്.