കടകംപള്ളി സിംഹാസനം എടുത്ത് മാറ്റിയ ശൃംഗേരി സ്വാമിയുടെ അനുഗ്രഹം തേടി സുധാകരനും ഐസക്കും

single-img
16 June 2017

ആലപ്പുഴ: തിരുവനന്തപുരത്തെ ഒരു പൊതു ചടങ്ങില്‍ ശൃംഗേരി പരമ്പരയിലെ സ്വാമിയുടെ ഇരിപ്പിടം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്തുമാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേസ്വാമിയുടെ ദര്‍ശനം തേടിയെത്തിയിരിക്കുകയാണ് മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തുന്ന സ്വാമിയെ കാത്ത് ധനമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നേരത്തേതന്നെ ഇവിടെ സ്ഥാനം പിടിച്ചു. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിന് മുന്നേ മന്ത്രിമാര്‍ക്കാണ് സ്വാമി ആദ്യം ദര്‍ശനം നല്‍കിയതും.

സ്വാമിക്കുവേണ്ടി ഇരു മന്ത്രിമാരെയും അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍നല്‍കി പറഞ്ഞു ”ഇതു മുഖ്യമന്ത്രിക്ക്”.

പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. സിപിഎമ്മിലെ ഗ്രൂപ്പ് പോരില്‍ രണ്ട് വശത്താണ് സുധാകരനും തോമസ് ഐസക്കും. രണ്ടു പേരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കക അപൂര്‍വ്വമാണ്. എന്നാല്‍ ഇവിടെ സ്വാമിക്ക് വേണ്ടി ഇരുവരും ഒരുമിച്ച് കാത്തിരിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.