ഇ. ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ?; പൊതുസമ്മതനെന്ന വിലയിരുത്തല്‍ അനുകൂലമാകും

single-img
16 June 2017

ന്യൂഡല്‍ഹി: മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇ. ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍നിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ എന്‍ഡിഎ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം അദ്ദേഹം വേദി പങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് വേദിയിലിരിക്കേണ്ടവരുടെ പട്ടകയില്‍നിന്ന് പേര് വെട്ടിയതെന്നാണ് വിശദീകരണം. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയോട് ബിജെപി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷം പലരേയും രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളു. ജൂണ്‍ 28ാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിജെപി ശ്രീധരന്റെ പേരുയര്‍ത്തിയാല്‍ അതിനെ ഇടതുപക്ഷത്തിന് പിന്തുണയ്‌ക്കേണ്ടി വരും. കേരളത്തില്‍ ശ്രീധരനുള്ള അംഗീകരാമാണ് ഇതിന് കാരണം.

ഇതിലൂടെ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട് തന്നെയാകും ഇനി നിര്‍ണ്ണായകം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരേയും ജയിപ്പിക്കാന്‍ നിലവിലെ അവസ്ഥയില്‍ എന്‍ഡിഎയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പരിവാറുകാരന്‍ പ്രസിഡന്റാകട്ടേ എന്ന നിലപാട് ആര്‍ എസ് എസിനുണ്ടെന്നാണ് സൂചന

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബിജെപി സമിതിയിലുള്ളത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും സാധ്യതാപട്ടികയിലുണ്ടെങ്കിലും, ബിജെപി പ്രകടമായ ബിജെപി ചായ്‌വുള്ള ഇവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.