ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു

single-img
16 June 2017

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍കീ ബാത്ത്’ റേഡിയോ പരിപാടിക്ക് ബദലായാണ് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ‘മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സംസാരിക്കൂ’ എന്ന പരിപാടി തുടങ്ങിയത്.

സംസ്ഥാന ഭരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയയെ കുടുക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പു വകവയ്ക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയതെന്നും ഇതു സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് സിസോദിയയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം റെയ്ഡ് നടത്തിയിട്ടില്ലെന്നും മൊഴി രേഖപ്പെടുത്താനാണ് വീട്ടില്‍ എത്തിയതെന്നുമാണ് സിബിഐയുടെ പ്രതികരണം.