കൊച്ചി മെട്രോ പശ്ചാത്തലത്തില്‍ അറബിക്കടലിന്റെ റാണി ഒരുങ്ങുന്നു; നായികയായി റിമ കല്ലിങ്കല്‍

single-img
16 June 2017

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മലയാള സിനിമാ ലോകത്തുനിന്നും ഈ സന്തോഷ വാര്‍ത്തയെത്തുന്നത്. റിമ കല്ലിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇ. മാധവന്‍ എന്ന മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തറക്കാരി സെയില്‍സ് ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെണ്‍കുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.

മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന നാളെത്തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.’അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍’ എന്ന പേരില്‍ എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറിയപ്പെടുന്ന സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം, ശ്രന്ദ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ് ബാബുവും എം.യു. പ്രദീപും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിങ് വിനോദ് സുകുമാരന്‍, കലാ സംവിധാനം മനുജഗത്ത്. ക്രിസ്മസ് റിലീസ് ലക്ഷ്യം വയ്ക്കുന്ന ചിത്രം വി.ജി. ഫിലിംസ് ഇന്‍ര്‍നാഷണലാണ് നിര്‍മിക്കുന്നത്.