കാറ്, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എല്ലാത്തിനും വമ്പിച്ച വിലക്കുറവ്; ആദായവില്‍പ്പന ഈ മാസം മാത്രം

single-img
16 June 2017

ഓണമാകാന്‍ കാത്തിരിക്കേണ്ട. വമ്പിച്ച വിലക്കുറവില്‍ ഇപ്പോള്‍ തന്നെ കാറ്, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാം. ചരക്ക് സേവന നികുതി നിലവില്‍ വരുന്ന ജൂലായ് ഒന്നിന് മുമ്പേ, കൈവശമുള്ള പഴയ നികുതി നിരക്കുകളുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള റീട്ടെയില്‍ കച്ചവടക്കാരുടെ നീക്കമാണ് വിലക്കുറവിന് പിന്നില്‍. ലക്ഷ്വറി കാറുകള്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കുവരെ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടിവി, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്‍ തുടങ്ങിയവ 20 മുതല്‍ 40 ശതമാനംവരെ വിലക്കിഴിവില്‍ ലഭിക്കും. പഴയ സ്റ്റോക്ക്, വില നിലവാരം എന്നിവയ്ക്കനുസരിച്ച് ഡിസ്‌കൗണ്ടില്‍ മാറ്റമുണ്ടാകും. സാംസങ്, പാനസോണിക്, ഹിറ്റാച്ചി, വീഡിയോകോണ്‍ തുടങ്ങിയവ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇഎംഐ ഓഫറുകള്‍ എല്‍ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എംആര്‍പിയില്‍ നിന്ന് 10 മുതല്‍ 15 ശതമാനംവരെ വിലക്കിഴിവിലാണ് സാധാരണ ഉത്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്. എന്നാല്‍ അതിന്റെ മൂന്നിരട്ടിവരെ കൂടുതല്‍ വിലക്കിഴിവാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

90,000 രൂപ വരെയാണ് വിവിധ കാര്‍ കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ സൗജന്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പടെ നിരവധി ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ജൂലൈ ഒന്നിന് മുമ്പ് പരമാവധി വാഹനങ്ങള്‍ വിറ്റഴിക്കാനാണ് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹ്യൂണ്ടായി വിവിധ മോഡലുകള്‍ക്ക് 25,000 മുതല്‍ 90,000 രൂപ വരെ കുറവ് നല്‍കുന്നുണ്ട്. എലൈറ്റ് ഐ20ക്ക് 25,000 രൂപയും, ഇയോണിന്-45,000 രൂപയും, ഗ്രാന്‍ഡ് 10ന് 62,000മുതല്‍ 73,000 രൂപ വരെയും, വെര്‍ണ 80,000 മുതല്‍ 90,000 രൂപ വരെയും വിലക്കിഴിവ് നല്‍കുന്നുണ്ട്. ജൂണ്‍ 26 വരെ പുതിയ ഓഫര്‍ ലഭ്യമാകുമെന്നാണ് ഹ്യൂണ്ടായ് അറിയിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയും കാറുകള്‍ ഓഫര്‍ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. ആള്‍േട്ടാ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ക്ക് 25,000 മുതല്‍ 35,000 രൂപ വരെയാണ് കിഴിവ്. മഹീന്ദ്ര സ്‌കോര്‍പ്പിയോക്ക് 27,000 രൂപ കിഴിവ് നല്‍കുമ്പോള്‍ ടി.യു.വി 300 61,000 രൂപ, കെ.യു.വി 100ന് 72,000രൂപ എന്നിങ്ങനെയാണ് കിഴിവ്. എസ് യു.വി 500ന് 90,000 രൂപ വരെ കിഴിവ് നല്‍കാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. ബജാജ് ഓട്ടോ ബൈക്കുകള്‍ക്ക് 400 രൂപ മുതല്‍ 4,500 രൂപവരെയാണ് കിഴിവ് നല്‍കുന്നത്.

ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് 15 ശതമാനംവരെയാണ് പേ ടിഎം വിലക്കിഴിവ് നല്‍കുന്നത്. ജിയോണി, വിവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 9,000 രൂപവരെയാണ് ക്യാഷ് ബാക്ക് ഓഫര്‍. 70,000 രൂപ വിലയുള്ള ഐഫോണ്‍ 7(128ജിബി)ന് 24 ശതമാനമാണ് വിലക്കിഴിവ് നല്‍കുന്നത്. ലെനോവൊ ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപവരെയാണ് ക്യാഷ് ബാക്ക്. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് 10,000 രൂപവരെയും എല്‍ഇഡി ടിവിക്ക് 20,000 രൂപവരെയും ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും സമാനമായ വിലക്കിഴിവുമായി രംഗത്തുണ്ട്.