ഇന്ധനവില കുറച്ചു; ഇന്നു മുതല്‍ ദിവസേന വില മാറും: പമ്പുടമകള്‍ ആശങ്കയില്‍

single-img
16 June 2017

തിരുവനന്തപുരം: എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വവന്നു. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു. പുതിയ സംവിധാനം നിലവില്‍ വന്നതോടെ രാജ്യത്തൊട്ടാകെ ദിവസവും രാവിലെ ആറിനാണ് പെട്രോള്‍, ഡീസല്‍ വില തീരുമാനിക്കുക. പുതിയ നിരക്ക് ഇന്നു രാവിലെയോടെ നിലവില്‍ വന്നു. നാളെ രാവിലെ ആറു മണി വരെയായിരിക്കും ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകുക.

അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന നേരിയ വില വ്യത്യാസം പോലും ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ ഗുണകരമായി അനുഭവപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എണ്ണക്കമ്പനികള്‍ അതതു ദിവസം പ്രഖ്യാപിക്കുന്ന നിരക്ക് പെട്രോള്‍ പമ്പുകളില്‍ ദിനംപ്രതി പ്രദര്‍ശിപ്പിക്കും. ഏതാനും പൈസയുടെ വ്യത്യാസമായിരിക്കും പ്രതിദിനം ഉണ്ടാവുക.

വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് എന്നിവ വഴി വില നിലവാരം അറിയാം. തൊട്ടടുത്ത ബങ്കിലെ വിലനിലവാരം അറിയാന്‍ കഴിയും വിധമാണ് ആപ് ക്രമീകരിക്കുന്നത്. വിലമാറ്റം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) രാജ്യത്ത് 87 കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. വിതരണക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ഐഒസിയുടെ 16 സ്റ്റേറ്റ് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം ഉണ്ടാകും.

അതേസമയം, പുതിയ സംവിധാനം നടപ്പിലാകുമ്പോള്‍ പമ്പുടമകളും ഉപഭോക്താക്കളും ആശങ്കയിലാണ്. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ എണ്ണ കമ്പനികള്‍ തന്നെ അവരുടെ ഓഫീസില്‍നിന്ന് വില മാറ്റുന്ന ഓട്ടോമേഷന്‍ സംവിധാനം കേരളത്തിലെ മിക്ക പെട്രോള്‍ പമ്പുകളിലുമില്ല എന്നതാണ് ഇതിനു കാരണം. 25 ശതമാനം പമ്പുകളിലേ ഈ സംവിധാനമുള്ളൂ. സോഫ്റ്റുവെയര്‍ പ്രശ്‌നങ്ങളുമുണ്ട്.

ഈ സംവിധാനമില്ലാത്ത പമ്പുകളില്‍ രാവിലെ ആറു മണിക്കു തന്നെ പമ്പുടമയോ ചുമതലപ്പെടുത്തുന്ന ആളോ പ്രത്യേക പാസ് വേഡ് ഉപയോഗിച്ചു വില മാറ്റണം. 20 ശതമാനം വനിതാ ഡീലര്‍മാരുള്ള മേഖലയില്‍ ഈ തീരുമാനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു ഡീലര്‍മാര്‍ പറയുന്നു.

എണ്ണവില അനുദിനം മാറുന്നതോടെ പമ്പുടമകളെ കാത്തിരിക്കുന്നതു നഷ്ടത്തിന്റെ നാളുകളാണെന്നും അവര്‍ വ്യക്തമാക്കുന്നു. പെട്രോളിയം മന്ത്രാലയം നടത്തുന്ന തുടര്‍ ചര്‍ച്ചകളില്‍ തങ്ങള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണു ഡീലര്‍മാര്‍. പണിമുടക്കിലേക്കു തല്‍ക്കാലമില്ലെന്നും അവര്‍ വ്യക്തമാക്കി.