മുംബൈ സ്‌ഫോടനക്കേസ്; അബുസലീമടക്കം ഏഴ് പ്രതികളും കുറ്റക്കാര്‍

single-img
16 June 2017

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക നായകന്‍ അബുസലീമുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കോടതി. മുംബൈ പ്രത്യേക ടാഡ കോടതിയുടേതാണ് വിധി. അബുസലീം, മുസ്‌തഫ ദോസ, താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് ഖാന്‍, ഖയൂം ഷെയ്ക്ക്, റിയാസ് സിദ്ദിഖി എന്നിവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി.

ഇവര്‍ക്കുള്ള ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ടാഡ കോടതിയിലും പരിസരപ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടിയില്‍ പരം നഷ്ടമുണ്ടാക്കുകയും ചെയ്ത സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തര്‍വര്‍ക്ക് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു കൊടുത്തതാണ് ഇവര്‍ ചെയ്ത കുറ്റം. 1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷംമുമ്പ് തൂക്കിലേറ്റിയിരുന്നു.