കൊച്ചി മെട്രോ മാത്രമല്ല താന്‍ പഠിച്ച സ്‌കൂളും അതിവേഗം നിര്‍മ്മിച്ച് സ്വന്തം മെട്രോമാന്‍

single-img
16 June 2017

കൊച്ചി: കേരളത്തിന്റെ അഭിമാനം കൊച്ചി മെട്രോ നാളെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഇതോടെ രാജ്യം മെട്രോമാന്‍ എന്ന് വിളിക്കുന്ന ഇ.ശ്രീധരന്റെ പേരും ഒന്നുകൂടെ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടും. പക്ഷേ എല്ലാവരുടേയും കണ്ണ് ‘രാജ്യത്ത് ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യമെട്രോ’ എന്ന വിശേഷണമുള്ള കൊച്ചി മെട്രോയില്‍ ആയിരുന്നതു കൊണ്ടുതന്നെ കേവലം രണ്ടരമാസം കൊണ്ട് ഒരു സ്‌കൂളും അദ്ദേഹം നിര്‍മ്മിച്ചത് അധിമാര്‍ക്കും അറിയില്ല.

ഇ.ശ്രീധരന്‍ ചെറുപ്പത്തില്‍ പഠിച്ച പട്ടാമ്പിക്കടുത്തുള്ള ചാത്തന്നൂര്‍ ഗവ.എല്‍.പി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി രണ്ടരമാസം കൊണ്ട് പണിതീര്‍ത്തത്. ഇ.ശ്രീധരന്‍ കാണാനെത്തിയ വിശേഷങ്ങള്‍ പങ്കിട്ട് മന്ത്രി തോമസ് ഐസക്കാണ് ഈ വിവരങ്ങള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ചാത്തന്നൂര്‍ എല്‍പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഡിഎംആര്‍സി ഈ പണിചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അങ്ങനെ ‘ഇപ്പോള്‍ അനുമതി നല്‍കിയാല്‍ മഴയ്ക്ക് മുന്നെ തീര്‍ക്കാം’ എന്ന് പറഞ്ഞ് ശ്രീധരന്‍ കാണാന്‍ വരുകയും സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കുകയുമായിരുന്നുവെന്നും ഐസക് പറയുന്നു. 254 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഈ വര്‍ഷം 40 കുട്ടികള്‍ വര്‍ധിച്ചുവെന്ന സന്തോഷവും മന്ത്രി ഫെയിസ്ബുക്കില്‍ പങ്കിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇ. ശ്രീധരന്‍റെ സന്ദര്‍ശനത്തിന് സമയം ചോദിച്ചത് കാലത്ത് എട്ടു മണിക്കായിരുന്നു. അദ്ദേഹം കൃത്യസമയത്ത് ഓഫീസിലെത്തി. ഞാന്‍ 10 മിനിറ്റ് വൈകിയും. സന്തോഷം പറയാന്‍ വന്നതാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കൊച്ചി മെട്രോയെ കുറിച്ചായിരിക്കും എന്ന്. പക്ഷെ അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് താന്‍ പഠിച്ച പട്ടാമ്പിക്കടുത്ത ചാത്തന്നൂര്‍ ഗവ. എല്‍.പി സ്ക്കൂളിനെ കുറിച്ചായിരുന്നു. അവിടെ രണ്ടു ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഇ. ശ്രീധരന്‍ പഠിച്ച സ്കൂള്‍ ആണെന്നതറിയാതെ ഡി.എം.ആര്‍.സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. അങ്ങിനെയാണ് അദ്ദേഹം എന്‍റെയടുത്ത് വന്നത്. ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴക്ക് മുമ്പ് പണി തീര്‍ക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ടു പോയി തീരുമാനം സര്‍ക്കാര്‍ തീരുമാനം മാറ്റിയെടുത്തു.

ഇത്രയും വിവരങ്ങള്‍ ഞാന്‍ മുമ്പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. രണ്ടര മാസമേ എടുത്തുള്ളൂ, മഴക്ക് മുമ്പ് കെട്ടിടം പണി പൂര്‍ത്തിയാക്കി ക്ലാസ് മുറികളില്‍ പഠിത്തവും തുടങ്ങി. ഇപ്പോള്‍ 254 കുട്ടികള്‍ പഠിക്കുന്നു. നാലു ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ഡനിലുമായി.

ഈ വര്‍ഷം 40 കുട്ടികള്‍ ആണത്രേ വര്‍ധിച്ചിരിക്കുന്നത്. അതിലുള്ള സന്തോഷം ശ്രീധരന്‍ മറച്ചുവെച്ചില്ല. താന്‍ പഠിച്ച എല്‍.പി സ്കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നുകണ്ട മെട്രൊ മാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു.