കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോ നാളെ യാത്ര തുടങ്ങും: കനത്ത സുരക്ഷാ വലയത്തില്‍ നഗരം

single-img
16 June 2017

കാത്തിരിപ്പിന് വിരാമമിട്ട് നാളെ കൊച്ചി നഗരത്തെ സാക്ഷിയാക്കി മെട്രോ ഓടി തുടങ്ങും. സ്വപ്‌ന പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ ഇനി ശേഷിക്കുന്നത് വെറും മണിക്കൂറുകള്‍ മാത്രം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി കഴിഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെട്രോയുടെ 11 സ്റ്റേഷനുകളിലും പരിസരത്തുമായി 500 ചെടികള്‍ നടും. പൊതുജനങ്ങള്‍ക്കായി മെട്രോ യാത്രയ്ക്ക് തുറന്ന് കൊടുക്കുന്നത് തിങ്കളാഴ്ചയാണ്.

പ്രധാനമന്ത്രി രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് തിരിക്കും. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയില്‍ ഉണ്ടാകും. കേരളീയരീതിയില്‍ അലങ്കരിച്ച ട്രെയിനിലായിരിക്കും പ്രധാനമന്ത്രിയുടെ യാത്ര. കഥകളിയും കളരിപ്പയറ്റും കായലിന്റെ സൗന്ദര്യവുമെല്ലാം മെട്രോയില്‍ ഇടംനേടിയിട്ടുണ്ട്. യാത്രാ സര്‍വീസിനായി ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയില്‍ എത്തിച്ചിരിക്കുന്നത്.

രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോ കേരളത്തിന് സമര്‍പ്പിക്കും. 12.15ന് സെന്റ് തെരേസാസ് കോളേജില്‍ പി.എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണം ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയിലാണ് ഇന്നലെ മുതല്‍ നഗരം. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാപരമാണ് സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ഉദ്ഘാടന ചടങ്ങില്‍ വാഹനങ്ങളുടെ റിമോട്ട് കീ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, വെള്ളക്കുപ്പികള്‍ എന്നിവ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൊണ്ടു വരരുത്. പങ്കെടുക്കാനെത്തുന്നവര്‍ ഉദ്ഘാടനത്തിനു ഒരു മണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡുമായി വരണം. സെന്റ് തെരേസാസില്‍ നടക്കുന്ന വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.

ചടങ്ങുനടക്കുന്ന സമയത്ത് ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ 1.30 വരെയാണിത്. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബി.ടി.എച്ച്. ജങ്ഷന്‍, സുഭാഷ് പാര്‍ക്ക്,മേനക, ഹൈക്കോടതി ജങ്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഈ റോഡുകളുടെ വശങ്ങളില്‍ കച്ചവടവും അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയം റോഡില്‍ കൂടിയുള്ള കാല്‍നട യാത്ര അനുവദിക്കില്ല. ഈ സമയം യാത്രക്കാര്‍ വഴിയരികിലെ ബാരിക്കേഡിനുള്ളില്‍ നില്‍ക്കണമെന്നും പോലീസ് നിര്‍ദേശിച്ചു

എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവരാണ് പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര, മറ്റ് പോലീസുദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.