ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരു മുത്തമിടും ?; ഇന്ത്യ-പാക് ഫൈനല്‍ ഞായറാഴ്ച

single-img
16 June 2017

ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാ കടുവകളെ മുട്ടു കുത്തിച്ച് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തി പാകിസ്ഥാനും ഫൈനലില്‍ എത്തുമ്പോള്‍ ആവേശകരമായ മത്സരത്തിനാവും കാണികളും സ്‌റ്റേഡിയവും സാക്ഷ്യം വഹിക്കുക. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ബാറ്റിങ്ങില്‍ ശക്തമായ തുടക്കം ഇടുമ്പോള്‍ പാകിസ്ഥാന്‍ ബൗളിങ്ങ് നിരയെ അനായാസമായി സമ്മര്‍ദ്ധത്തിലാഴ്ത്താമെന്നുള്ളത് കളിയില്‍ ഇന്ത്യക്ക് മുന്‍ തൂക്കം നല്‍കുന്നുണ്ട്.

റണ്‍ ഒഴുകുന്ന പിച്ചില്‍ തുടക്കം തന്നെ പുള്‍ ഷോട്ടുകളും സ്‌ട്രേറ്റ് ഡ്രൈവുകളുമായി രോഹിതും ധവാനും കളം നിറയുമ്പോള്‍ ഫീല്‍ഡിങ് ലൈന്‍ അപ്പില്‍ വേണ്ടത്ര മാറ്റം പരീക്ഷിക്കാനാവും തുടക്കത്തില്‍ പാകിസ്ഥാന്‍ മുതിരുകയെന്ന് വിലയിരുത്തലുകളുണ്ട്. തുടത്തക്കില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ പിന്നീട് കളിയുടെ നിയന്ത്രണം മൊത്തത്തില്‍ ഏറ്റെടുക്കാമെന്ന നിരീക്ഷണത്തിലാണ് ഇന്ത്യന്‍ ടീമും.

കൂടാതെ മികച്ച ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും യുവരാജ് സിങും ധോണിയും പാണ്ഡ്യയുമൊക്കെ തന്നെ മിഡില്‍ ഓര്‍ഡറില്‍ റണ്‍ റേറ്റ് ഒട്ടും താഴാതെ നയിക്കാന്‍ കെല്‍പ്പുള്ളവരാണെന്നുള്ളതും ഇന്ത്യക്ക് ബാറ്റിങ്ങില്‍ ശക്തി പകരുന്നുണ്ട്. ബൗളിങ്ങ് നിര നോക്കിയാല്‍ ഭുവനേശ്വറും, കേദര്‍ ജാദവും ബുംറയും ജഡേജയും കുമാറും അശ്വിനും ഒക്കെ തന്നെ ബൗളിങ്ങില്‍ ഫോമില്‍ തുടരുന്നുവെന്നുള്ളത് കോഹ്ലിക്ക്‌
ആശ്വാസം നല്‍കുന്നുണ്ട്. വേഗത കുറഞ്ഞ പന്തുകളിലൂടെയും ഇന്‍സ്വിങ്ങും ഔട്ട് സ്വിങ്ങും മാറ്റി പരീക്ഷിച്ചും ബൗളര്‍മാര്‍ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെ റണ്‍ വഴങ്ങാതെ പിടിച്ചുകെട്ടിയാല്‍ വിജയം ഇന്ത്യക്ക് അനായാസം സ്വന്തമാക്കാം.

അതേസമയം മൂഹമ്മദ് ആമിറും ജുനൈദ് ഖാനും ഹസന്‍ അലിയും അടങ്ങുന്ന പേസ് ബൗളിങ്ങിലാണ് പാകിസ്ഥാന്റെ പരീക്ഷ. മികച്ച ഫോമില്‍ തുടരുന്ന ഈ ബൗളിങ്ങ് നിര കനിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തില്‍ തന്നെ വീര്‍പ്പുമുട്ടിക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ അസ്ഹര്‍ അലി , മുഹമ്മദ് ഹഫീസ് ഷൊഐബ് മാലിക് , സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം എന്നീ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളിങ്ങ് നിരക്കു മുന്നില്‍ നിഷ്പ്രഭരായാല്‍ ചുണ്ടിനോടടുത്തിട്ടും കപ്പില്‍ മുത്തമിടാന്‍ സാധിച്ചില്ല എന്ന നിരാശയോടെ പാക് പടയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.