സംസ്ഥാനത്ത് പനിബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു; ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

single-img
16 June 2017


തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം കുറയുന്നില്ല. പനി ബാധിച്ച് ഇന്ന് മാത്രം 3 പേരാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം ഇതുവരെ പനി മൂലം മരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. കാട്ടാക്കട സ്വദേശി 38 വയസ്സുള്ള രമേശ് റാമും വള്ളക്കടവ് സ്വദേശി 24 വസ്സുള്ള നിസാറുമാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി സുഗതനും മരിച്ചു. ആശുപത്രികള്‍ എല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പനി ബാധിച്ചെത്തുന്നവരിലും പനി മൂലമുണ്ടായ മരണത്തിലും തലസ്ഥാന ജില്ലയാണ് മുന്നില്‍. ഇന്നലെ മാത്രം 2888 പേരാണ് തിരുവനന്തപുരത്ത് ചികിത്സ തേടിയെത്തിയത്. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്.

എച്ച്1 എന്‍1, ഡെങ്കിപ്പനി, വൈറല്‍ പനി തുടങ്ങിയ വിവിധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികില്‍സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് നിവാരണവും നടത്തും. സ്വകാര്യ ഡോക്ടര്‍മാരും പ്രതിരോധ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

തീരദേശ മലയോര മേഖലകളിലാണ് പനി കൂടുതലായും വ്യാപിക്കുന്നത്. കൃത്യമായി മാലിന്യസംസ്‌കരണം നടക്കാത്തതാണ് പനി വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു വിഷയം. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.