‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ’; വിവാഹ വാര്‍ത്തയിലൂടെ വ്യത്യസ്തനായി സംവിധായകന്‍ ബേസില്‍

single-img
16 June 2017

ആദ്യ സിനിമയായ കുഞ്ഞിരാമായണം മുതല്‍ വ്യത്യസ്തമായ ശൈലിയിലൂടെ സിനിമകള്‍ അവതരിപ്പിച്ച് മലയാളത്തിലെ യുവ സംവിധായകരില്‍ വേറിട്ട് നില്‍ക്കുന്നയാളാണ് ബേസില്‍ ജോസഫ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗോദ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവെ ബേസില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ താരമായിരിക്കുന്നത് തന്റെ വിവാഹ വാര്‍ത്തയിലൂടെയാണ്.

ബേസിലിന്റെ വിവാഹ വാര്‍ത്ത ആഴ്ചകള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയ വാര്‍ത്തയാക്കിയിരുന്നെങ്കിലും ബേസില്‍ തന്നെ അക്കാര്യം അറിയിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ഫേസ്ബുക്കിലൂടെയാണ് ബേസില്‍ ജോസഫ് തന്റെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠിയെ ജിവിതപങ്കാളിയാക്കുകയാണെന്നും രണ്ടും കല്‍പിച്ച് അങ്ങ് ഇറങ്ങുകയാണെന്നുമായിരുന്നു ബേസില്‍ തന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് ഫേസ്‌ബുക്കില്‍ കുറിച്ചത്.

ആഗസ്ത് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം. ഇതോടെ ഇരുവരുടെയും ഏഴു വര്‍ഷത്തെ പ്രണയത്തിന് സാഫല്യമാകുകാണ്‌. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും മകനാണ് 27കാരനായ ബേസില്‍. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍സാറാമ്മ ദമ്പതികളുടെ മകളാണ് എലിസബത്ത്.

ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ എലിസബത്ത് നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.

ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘ഇത് എലിസബത്ത് . എലി എന്ന് വിളിക്കും .ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ . ?? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണം’