ആയുധ കരാര്‍ അമേരിക്കയുടെ ആഴത്തിലുള്ള പിന്തുണ വ്യക്തമാക്കുന്നതായി ഖത്തര്‍; ഖത്തര്‍ യുഎസുമായി ഒപ്പുവെച്ചത് 78,000 കോടി രൂപയുടെ (1200 കോടി ഡോളര്‍) കരാര്‍

single-img
16 June 2017

ദോഹ: ഉപരോധം സൃഷ്ടിച്ച സാഹചര്യത്തിലും അമേരിക്കയുമായി കരാര്‍ ഒപ്പുവെയ്ക്കാനായത് ആഴത്തിലുള്ള പിന്തുണയായി കാണുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ ഉദ്യോഗസ്ഥനാണ് ഇകാര്യം വ്യാഴാഴ്ച ഉന്നയിച്ച് രംഗത്തെത്തിയത്. ഖത്തര്‍ യുഎസുമായി 78,000 കോടി രൂപയുടെ (1200 കോടി ഡോളര്‍) യുദ്ധവിമാന കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.

ബോയിങ് എഫ്-15 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമാണു വാഷിങ്ടണില്‍ ഒപ്പുവച്ചത്. നേരത്തേ തന്നെ അനുമതി ലഭിച്ച കരാറാണെങ്കിലും ഇപ്പോഴത്തെ സമ്മര്‍ദ സാഹചര്യങ്ങളില്‍ ഇത് ഒപ്പിടാന്‍ കഴിഞ്ഞതു ഖത്തറിനു നയതന്ത്ര നേട്ടമായി.

എന്നാല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറിന്റെ നടപടികളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവച്ചത്.

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജിസിസി രാജ്യങ്ങള്‍ക്ക് നെഞ്ചടിപ്പ് കൂട്ടുന്നതാണ് ഖത്തറും അമേരിക്കയും തമ്മിലുള്ള ആയുധ കരാര്‍. 1200 കോടി ഡോളര്‍ പ്രാരംഭ ചെലവുള്ള കരാറിന്മേല്‍ 36 എഫ്-15 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. സൗദിയുമായി അടുത്തിടെ 11,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ അമേരിക്ക ഒപ്പുവച്ചിരുന്നു.