പോലീസ് ആസ്ഥാനത്ത് പടമുറുകുന്നു; നിലപാടു കടുപ്പിച്ച് സെന്‍കുമാര്‍

single-img
15 June 2017

പോലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ തനിക്കെതിരെ പടനീക്കം നയിക്കുമ്പോഴും പോലീസ് സേനയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഡിജിപി സെന്‍കുമാര്‍. പേഴ്‌സനല്‍ സ്റ്റാഫിനെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിച്ചെങ്കിലും മറ്റ് കാര്യങ്ങളില്‍ കീഴടങ്ങല്‍ ആവശ്യല്ലെന്ന കടുത്ത നിലപാടില്‍ മുന്നോട്ട് പോകുകയാണ് ഡിജിപി സെന്‍കുമാര്‍. പോലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെന്തിനെന്നു ചോദിക്കുന്ന സെന്‍കുമാര്‍ തന്റെ ഉത്തരവുകള്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്ന കര്‍ശന നിലപാടിലേക്ക് നീങ്ങുന്നതായാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം.

പോലീസ് ആസ്ഥാനത്തെ ഫയലുകള്‍ താന്‍ കണ്ടിരിക്കണമെന്നും തന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നും സെന്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം ഡി.ജി.പി യുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കുന്ന സമീപനമാണ് ഉദ്യോഗസ്ഥ ജീവനക്കാരുള്‍പ്പെട്ട സംഘത്തിന്. ഡിജിപിക്ക് ഇനി ദിവസങ്ങള്‍ മാത്രമേ സര്‍വീസില്‍ ശേഷിക്കുന്നുള്ളൂവെന്നും അതുവരെ ഉത്തരവുകള്‍ നടപ്പാക്കേണ്ടതില്ലെന്നുമുള്ള ഉദാസീന നിലാപാട് സ്വീകരിച്ചിരിക്കുകയാണ് ഇവര്‍. പോലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കൈകാര്യംചെയ്യുന്ന ടിബ്രാഞ്ചില്‍ നിന്നുള്ള രേഖകളും വിവരാവകാശ പ്രകാരം ലഭ്യമാക്കണമെന്ന കര്‍ശനനിര്‍ദേശം ഡിജിപി നല്‍കി കഴിഞ്ഞിട്ടും അത് ഇത് വരെ കൈമാറാന്‍ ജീവനക്കാര്‍ തയാറായിട്ടില്ലെന്നാണ് വിവരം.

ഈ സംഭവം ഡിജിപിയെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. അവിടെ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ തനിക്ക് കൈമാറണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഡിജിപി. താനാണ് പോലീസ് മേധാവിയെന്നും തന്റെ അധികാര പരിധിയില്‍ വരുന്ന ടി ബ്രാഞ്ച് തന്റെ ഉത്തരവ് കണിശമായും നടപ്പാക്കണമെന്ന നിലപാടിലാണ് ഡി.ജി.പി. എന്നാല്‍ ഡിജിപി സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരത്തില്‍ ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കാനൊരുങ്ങുന്നത് പല ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ സംഘം കാണുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍, വിശദാംശങ്ങള്‍ എന്നിവ സൂക്ഷിക്കുന്നത് ടിബ്രാഞ്ചിലാണ്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി , മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ഈ സെക്ഷനിലുണ്ട്. അതെല്ലാം സെന്‍കുമാറിന്റെ പക്കലെത്തിയാല്‍ തങ്ങള്‍ക്ക് പാരയാകുമെന്ന് ഇവര്‍ വിലയിരുത്തുന്നു. ഇക്കാരണത്താലാണ് ഫയലുകള്‍ ഉദ്യോഗസ്ഥ സംഘം കൈമാറാത്തതും.

ഈ സെക്ഷനില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ചിലവ്യക്തികള്‍ പരസ്യമായി തന്നെ ഡിജിപിക്ക് ഫയലുകള്‍ കൈമാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപിയായ സെന്‍കുമാര്‍ ചുമതലയേറ്റ ദിവസം മുതല്‍ പൊലീസ് ആസ്ഥാനത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനെ മറികടക്കാനും സെന്‍കുമാറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനുമായി എ.ഡിജി.പി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തന്നെ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചിരുന്നു. അതേസമയം പോലീസ് ആസ്ഥാനത്തെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിജിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ഗുരുതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.