നടപടികള്‍ മയപ്പെടുത്തിത്തുടങ്ങി; ഖത്തര്‍ ഉപരോധത്തില്‍ അനുരഞ്ജനത്തിന് സാധ്യത

single-img
15 June 2017

സൗദി: ഖത്തറിനെതിരായ നടപടികളില്‍ ഉപരോധ രാജ്യങ്ങള്‍ മൃദുസമീപനം സ്വീകരിച്ചു തുടങ്ങിയതോടെ സമവായ ശ്രമങ്ങള്‍ പല തലങ്ങളിലായി പുരോഗമിക്കുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്, ബ്രിട്ടന്‍, റഷ്യ എന്നിവിടങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ യു.എസ് സൈനിക താവളം ഖത്തറില്‍ നിന്ന് മാറ്റണമെന്ന പുതിയ ആവശ്യവുമായി സൗദി അനുകൂല രാജ്യങ്ങള്‍ രംഗത്തുവന്നു.

ഈ മാസം അഞ്ചിനാരംഭിച്ച ഖത്തറിനെതിരായ നടപടികളില്‍ സൗദി അനുകൂല രാജ്യങ്ങള്‍ ഇളവ് ഏര്‍പ്പെടുത്തിയത് അനുകൂല സഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഖത്തറുമായി വിവാഹബന്ധമുള്ള കുടുംബങ്ങളെ വിലക്കില്‍ നിന്ന് നീക്കിയതും പ്രശ്‌നവുമായി നേരില്‍ ബന്ധമില്ലാത്ത രാജ്യങ്ങളുടെ വിമാന കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നു കൊടുത്തതും നല്ല നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ ജനതക്കു നേരെയല്ല, മറിച്ച് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് നടപടിയെന്നും സൗദിപക്ഷം വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രശ്‌നത്തെ പൗരാവകാശ വിഷയമായി അവതരിപ്പിച്ച ഖത്തര്‍ നടപടിക്ക് തടയിടുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനവും വന്‍ശക്തി രാജ്യങ്ങളുടെ തുടര്‍ നടപടികളും പ്രശ്‌നപരിഹാരത്തില്‍ എത്രകണ്ട് ഗുണം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യമാണ് തുര്‍ക്കിക്കു പുറമെ അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും മുന്നോട്ടു വെക്കുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സൗദി, യു.എ.ഇ, കുവൈത്ത് മന്ത്രിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും. പ്രതിസന്ധി പരിഹരിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യന്‍ നേതൃത്വവും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഖത്തറില്‍ നിന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനം മാറ്റണമെന്ന ആവശ്യവുമായി യു.എ.ഇ രംഗത്തു വന്നു. യു.എ.ഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയാണ് യു.എസ് നേതൃത്വത്തിനു മുമ്പാകെ പുതിയ ആവശ്യം ഉന്നയിച്ചത്. പതിനായിരം യു.എസ് സൈനികര്‍ നിലയുറപ്പിച്ച ഖത്തറിലെ യു.എസ് സൈനിക താവളം മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. ഖത്തറിനു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കം.