ചൊവ്വയിലും ജീവന്റെ സാന്നിദ്ധ്യം; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി നാസ

single-img
15 June 2017

ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്ന വിസ്മയപ്പെടുത്തുന്ന കണ്ടെത്തലുമായി നാസ. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ആണ് ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പേടകമുപയോഗിച്ച് പാറകളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിധം ധാതുസമ്പുഷ്ടമായ ലോഹത്തരികള്‍ കണ്ടെത്തി. മൌണ്ട് ഷാര്‍പ്പിലെ പഹ്‌റം ഹില്‍സില്‍ നിന്നു 2014, 2015 കാലഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളിലാണ് ധാതുക്കളുടെ ഈ സാന്നിധ്യം തിരിച്ചറിഞ്ഞത്.

കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലുണ്ടായ പരിസ്ഥിതി മാറ്റങ്ങളിലേക്ക് വെളിച്ചംവീശിയേക്കാവുന്ന അത്ഭുത കണ്ടെത്തലാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലുണ്ടായിരുന്ന ജലാശയത്തിലെ വെള്ളത്തില്‍ മറഞ്ഞിരുന്ന പാറകളുടെ പാളികളില്‍ നിന്നാണ് ക്യൂരിയോസിറ്റി റോവര്‍ ലോഹത്തരികള്‍ ശേഖരിച്ചത്.

എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്‌സ് ജേണലിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പുതിയ കണ്ടെത്തല്‍ ആദ്യകാല ചൊവ്വാഗ്രഹം ഭൂമിയുടെ തുടക്കത്തിലേതിനു സമാനമായിരുന്നുവെന്നും ഇരു ഗ്രഹങ്ങളിലും അക്കാലത്ത് ജീവന്‍ നിലനിര്‍ത്താനാവശ്യമായ അന്തരീക്ഷമായിരുന്നുവെന്നുമുള്ള നിഗമനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഭൂമിയുടെ രൂപപ്പെടലിന് ശേഷം 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവന്റെ തുടിപ്പുകളുണ്ടായത്. ഭൂമിയില്‍ അന്നുണ്ടായിരുന്ന സമാന അന്തരീക്ഷം തന്നെയാണ് ചൊവ്വയിലും അക്കാലത്തുണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഹൈഡ്രജന്റെ വ്യത്യസ്ത സാന്നിധ്യമുള്ള ജലം ചൊവ്വയിലുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്.

ചൊവ്വയിലെ പാറകള്‍ തുരന്നുള്ള പഠനങ്ങള്‍ക്ക് ചുവന്നഗ്രഹത്തിന്റെ ആദ്യകാല അന്തരീക്ഷത്തേക്കുറിച്ച് വിവരം നല്‍കാന്‍ കഴിയുമെന്ന് നാസ വക്താവ് പറഞ്ഞു. നിലവിലെ കാലാവസ്ഥയിലേക്ക് ചൊവ്വ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഈ പഠനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.