‘സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരല്ല’; മോദിക്ക് വിരമിച്ച ഉദ്യോഗസ്ഥരുടെ കത്ത്

single-img
15 June 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരമിച്ച ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യവിരുദ്ധരല്ലെന്നും ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള കന്നുകാലി കശാപ്പ് വിവാദം അവസാനിപ്പിക്കണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 65 വിരമിച്ച ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരിക്കുന്നത്.

അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും. വിമര്‍ശനം ഉന്നയിക്കുന്നവരെ ദേശസ്‌നേഹി, ദേശവിരുദ്ധന്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്ക് ഒതുക്കുന്നുവെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ സാംസ്‌കാരിക സെക്രട്ടറി ജവഹര്‍ സിര്‍കാര്‍, മുന്‍ വാര്‍ത്താ വിനിമയ സെക്രട്ടറി ഭാസ്‌കര്‍ ഗോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ മുംബൈ പോലീസ് മേധാവി ജൂലിയോ റെബീറോ തുടങ്ങി വിരമിച്ച 65 ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് രൂക്ഷമായ വര്‍ഗീയ വേര്‍തിരിവാണ് സര്‍ക്കാര്‍ കാണിച്ചത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് ആഘോഷ സമയത്ത് നല്‍കുന്ന വൈദ്യുതിയില്‍ പോലും വ്യത്യാസമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. കശാപ്പ് നിരോധിച്ചത് ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും ഇത് അവരുടെ ജീവന ഉപാധികളെ ബാധിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അധികാര കേന്ദ്രങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ഈ പ്രവണതകളെ നിയന്ത്രിക്കണമെന്നും ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.