‘മെട്രോ യാഥാര്‍ത്ഥ്യമാക്കിയത് മോദി’; ഫ്‌ളെക്‌സ് വെച്ച് സ്വയം ഇളഭ്യരായി ബിജെപി

single-img
15 June 2017

കൊച്ചി മെട്രോയെചൊല്ലി പുതിയ വിവാദം. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുള്ള ബി.ജെ.പിയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഉദ്ഘാടന വേദിയില്‍നിന്ന് ഇ. ശ്രീധരന്‍, രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ. പി.ടി. തോമസ് എന്നിവരെ ഒഴിവാക്കിയതിനെ തുടര്‍ന്ന് കേന്ദ്രം തുടങ്ങിവെച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വിവാദം.

നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്‌ളെക്‌സില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ബി.ജെ.പി. ആലുവാ നിയോജകമണ്ഡലം കമ്മറ്റിറ്റിയുടെ പേരിലാണ് ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചിരിക്കുന്നത്.

മെട്രോ ഉദ്ഘാടനത്തിനായി നരേന്ദ്ര മോദി ശനിയാഴ്ച കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായാണ് ബി.ജെ.പി.യുടെ ഫ്‌ളെക്‌സ് നിരത്തിയുള്ള വ്യാജ അവകാശവാദങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയുടെ പലഭാഗത്തും നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം ബി.ജെ.പിയുടെ തള്ള് രാഷ്ട്രീയത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും’ എന്ന് തുടങ്ങി ബിജെപിയെയും മോദിയെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് വരുന്നത്. ഈ മാസം 17ന് 11 മണിക്ക് കൊച്ചി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്നിലാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.