വിവാദങ്ങള്‍ കാര്യമാക്കാതെ മെട്രോമാന്‍; മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി ശ്രീധരന്‍

single-img
15 June 2017

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദത്തിനിടെ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വ്യാഴാഴ്ച രാവിലെ തന്നെ ഇ.ശ്രീധരന്‍ വിലയിരുത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ഇ. ശ്രീധരനോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന പാലരിവട്ടം മുതല്‍ മുഴുവന്‍ ദൂരം ശ്രീധരന്‍ വിശദമായി പരിശോധിച്ചേക്കും.

ആദ്യഘട്ടത്തില്‍ യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് ശ്രീധരന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെ 13കിലോമീറ്റര്‍ വരെ മാത്രമാണുളളത്. നഗരമധ്യത്തിലേക്ക് ആദ്യഘട്ടത്തില്‍ എത്തുന്നുമില്ല. അതിനാല്‍ യാത്രക്കാര്‍ കുറവായിരിക്കും. എല്ലാ മെട്രൊയിലും ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. അതില്‍ പേടിക്കേണ്ട. നിരാശയുടെയും കാര്യമില്ല. മെട്രൊയുടെ നീളം കൂടുമ്പോള്‍ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച. അല്ലെങ്കില്‍ പത്തുദിവസം, നല്ല തിരക്കായിരിക്കും മെട്രൊയില്‍. കേരളത്തിലെ എല്ലാവരും മെട്രൊ കാണാനെത്തും. അതിനുശേഷം കുറയുമെന്നും ഇ. ശ്രീധരന്‍ പറയുന്നു.

മെട്രൊയുടെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ നാലുവര്‍ഷം എടുത്തെന്നും അതില്‍ നിരാശയുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. മെട്രൊയെക്കുറിച്ച് താന്‍ ജനങ്ങള്‍ക്ക് ചില പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത് നാലുവര്‍ഷമെടുത്താണ്. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മെട്രൊ വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

അതനുസരിച്ച് മൂന്നുവര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചത്. രണ്ടുവര്‍ഷത്തിനുപകരം അവര്‍ ഏകദേശം മൂന്നര വര്‍ഷമെടുത്തു എന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. ചെന്നൈ, ബംഗലുരു, എല്ലാം ആറുവര്‍ഷമെടുത്തു പൂര്‍ത്തിയാകാന്‍. ആ സമയം എടുത്തില്ലല്ലോ ഇവിടെ എന്നും ശ്രീധരന്‍ ചോദിച്ചു. ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.