പ്രതിഷേധം ഫലംകണ്ടു; മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവുമുണ്ടാകും

single-img
15 June 2017

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന്‌ മെട്രോമാനെ ഒഴിവാക്കിയതിലെ പ്രതിഷേധം ഫലം കണ്ടു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എംഎല്‍എയേയും വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടി വിവാദമായതിനെ തുടര്‍ന്ന് ശ്രീധരനേയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പിടി തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോമാനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പിടി തോമസ് എംഎല്‍എയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടിച്ചുരുക്കി 7 പേരുടെ പട്ടികയാണ് ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അനുവദിച്ചത്.
ഇതനുസരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവര്‍ണര്‍, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേരേ വേദിയിലുണ്ടാകൂ എന്നായിരുന്നു ആദ്യ അറിയിപ്പ്. അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം.

സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല. എന്നാല്‍ ശ്രീധരനെ ഒഴിവാക്കിയത് കേരളത്തിന്റെ പൊതു പ്രതിഷേധമായി മാറുകയായിരുന്നു. ഇതോടെയാണ് തെറ്റ് തിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. 10 പേര്‍ക്ക് സംസാരിക്കാനുള്ള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരന്‍, കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍: മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എംഎല്‍എ, മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരായിരുന്നു. എന്നാല്‍ ഇത്രയും വലിയ പട്ടിക എന്‍എസ്ജി അംഗീകരിച്ചില്ല.