കൂടുതല്‍ സ്ത്രീധനം നല്‍കിയില്ല; ചെങ്ങന്നൂരില്‍ യുവതിക്കുനേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

single-img
15 June 2017

സ്ത്രീധനം അധികമായി നല്‍കാത്തതിന്റെ പേരില്‍ ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പുനലൂര്‍ സ്വദേശി ധന്യാ കൃഷ്ണനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, യുവതിയുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഒളിവിലാണ്. ചെങ്ങന്നൂരിലെ ബിനുകുമാറിന്റെ വീട്ടില്‍വച്ചായിരുന്നു ധന്യയുടെ നേര്‍ക്ക് ആസിഡ് ഒഴിച്ചത്.

സ്ത്രീധനം കൂടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബിനുകുമാര്‍ ധന്യയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. തടി കൊണ്ട് അതിക്രൂരമായി അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ധന്യയെ പിടിച്ച് നിര്‍ത്തി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ധന്യ കൈ കൊണ്ട് തട്ടിയതിനാല്‍ ആസിഡ് മുഖത്ത് വീണില്ല. എന്നാല്‍ ദേഹത്ത് പല ഭാഗത്തും ആസിഡ് വീണ് പൊളളലേറ്റു. ധന്യ ആശുപത്രിയില്‍ ചികിത്സ തേടി. 20 പവനും അന്‍പതിനായിരം രൂപയും ബിനുവിന് സ്ത്രീധനമായി നല്‍കിയിരുന്നു. ഇനിയും രണ്ട് ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ബിനുകുമാര്‍ മര്‍ദ്ധിച്ചതെന്നാണ് പരാതി. രണ്ട് പെണ്‍കുട്ടികളാണ് ബിനുകുമാര്‍ ധന്യാ ദമ്പതികള്‍ക്ക്.