ഇങ്ങനെയുമുണ്ടോ ഒരു വര്‍ക്കൗട്ട്? കഠിനാദ്ധ്വാനമെന്നാല്‍ കരീന കപൂറിനെ കണ്ട് പഠിക്കണം

single-img
15 June 2017

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ദംഗല്‍ സിനിമയുടെ ഷൂട്ടിങ് സമയത്തെ ആമിര്‍ഖാന്റെ വര്‍ക്കൗട്ടായിരുന്നു ബി ടൗണിലെങ്ങും സംസാര വിഷയം. എന്നാലിപ്പോള്‍ കുഞ്ഞു തിമൂറിന്റെ അമ്മയും സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ ബോളിവുഡ് സുന്ദരി കരീനയുടെ വര്‍ക്കൗട്ട് കണ്ട് മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ് സെലിബ്രിറ്റികളും ആരാധകരും.

എന്നാലും ഇങ്ങനെയുമുണ്ടോ ഒരു കഠിനാദ്ധ്വാനം എന്നാണ് ശരീരഭാരം കുറയ്ക്കാനായുള്ള കരീനയുടെ ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ കണ്ടവരുടെയൊക്കെ ചോദ്യം.

പ്രസവം കഴിഞ്ഞ് വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന കരീനയുടെ ജിമ്മിലെ വര്‍ക്കൗട്ടിന്റെ വീഡിയോകള്‍ സുഹൃത്തും നടിയുമായ അമൃത അറോറയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃത തന്നയാണ് ജിമ്മില്‍ കരീനയ്ക്ക് കൂട്ടായുള്ളതും. ‘മനംമടുപ്പിക്കുന്ന ഈ കാലാവസ്ഥയ്ക്ക് പിടികൊടുക്കരുത്…ജിമ്മില്‍ കസര്‍ത്തുകള്‍ തുടരുക’ എന്നൊരു കുറിപ്പോടെയാണ് അമൃത വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും കരീനയുടെ ഈ കഠിനാദ്ധ്വാനം വലിയ സംഭവമായിരിക്കുകയാണ്. ബോളിവുഡിലെ പുരുഷ കേസരികളെയെല്ലാം ഞെട്ടിക്കുന്നതു തന്നെയാണ് ശശാങ്ക് ഘോഷിന്റെ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന കരീനയുടെ വര്‍ക്കൗട്ടുകള്‍.

സ്വന്തം ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുന്ന കാര്യത്തില്‍ ബോളിവുഡ് താരങ്ങളില്‍ കരീന കപൂറിനെപ്പോലെ മറ്റൊരാളില്ല. ഗര്‍ഭകാലഘട്ടത്തില്‍ സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും ഫാഷന്‍ ഷോകളിലും പരസ്യചിത്രങ്ങളിലും താരമായിരുന്നു കരീന. പ്രസവശേഷം ഏകദേശം ഒരുമാസം കഴിഞ്ഞാണ് കരീന ജിമ്മിലേക്ക് മടങ്ങുന്നത്. മാനസികവും ശാരീരികവുമായുള്ള ഊര്‍ജ്ജസ്വലതയ്ക്ക് വേണ്ടി യോഗയും കരീനയുടെ ദിനചര്യയുടെ ഭാഗമാണ്.