ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ജീവന് തന്നെ ഭീഷണി; ക്യാന്‍സറിന് ഇടയാക്കുമെന്നും പഠനം

single-img
15 June 2017

വാഷിംഗ്ടണ്‍: ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ക്യാന്‍സറിന് ഇടയാക്കുമെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച എട്ടു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാര്‍ബോ ഹൈഡ്രേറ്റിന് പുറമേ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് അടിമയാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ ഭാരം കുറയുന്നതിനൊപ്പം ജീവന് ഭീഷണിയും ഉയര്‍ത്തുന്നു.

നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഒരു സംഘം ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 45നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. വീട്ടില്‍ നിന്നോ റസ്റ്റോറന്റുകളില്‍ നിന്നോ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ വേവിച്ചും, സാധാരണ രീതിയില്‍ പൊരിച്ചും ഉരുളക്കിഴങ്ങ് കഴിക്കുന്നവരില്‍ ഈ പ്രശ്‌നമില്ലെന്നും ഗവേഷകര്‍ പ്രത്യേകം എടുത്തുപറയുന്നു. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ ചൂടില്‍ വേവിച്ചെടുക്കുന്നത് അക്രിലമൈഡ് എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെന്ന് നേരത്തെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്, ഇത് ക്യാന്‍സറിന് ഇടയാക്കുമെന്നും മരണം പോലും സംഭവിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.