മഴക്കാലത്ത് മീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല

single-img
15 June 2017

മീന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ മഴക്കാലത്ത് മീന്‍ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം. മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനനകാലമാണ്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്‌നങ്ങളും വേദനയുമെല്ലാം വരുത്താന്‍ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. അതുപോലെത്തന്നെ മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്‌ക്കൊഴുകിയെത്തും.

ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുന്നതിലൂടെ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുമെത്തുമെന്നതും ഒരു കാരണമാണ്. മഴക്കാലത്തു ട്രോളിംഗ് നിരോധനവും മറ്റുമുള്ളതുകൊണ്ട് അത്രയും ഫ്രഷായ മീനായിരിയ്ക്കില്ല, കിട്ടുന്നത്. ഇത് ആരോഗ്യത്തിനു ദോഷം വരുത്തുന്നു. മഴക്കാലത്ത് ചീത്ത വെള്ളത്തില്‍ വളരുന്ന മത്സ്യം ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ സാധ്യതയേറെയാണ്. ഈ കാലാവസ്ഥകളില്‍ പെട്ടെന്നു മീനുകള്‍ ചീഞ്ഞുപോകുമെന്നതിനാല്‍ ഇത് സംരക്ഷിച്ചു വയ്ക്കാന്‍ കൂടുതല്‍ കൃത്രിമപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇത് ആരോഗ്യത്തിനു ദോഷം വരുത്തുന്നു.