കാറുകള്‍ക്ക് 90,000 രൂപ വരെ വിലക്കുറവ്; ജൂലൈ ഒന്ന് വരെ പുതിയ ഓഫറുകളുമായി കമ്പനികള്‍

single-img
15 June 2017

ന്യൂഡല്‍ഹി: കാറ് വാങ്ങുന്നവര്‍ക്കായി മികച്ച ഓഫറുകളുമായി കമ്പനികള്‍. ജി.എസ്.ടി നികുതി നിര്‍ദ്ദേശം കാര്‍ വിപണിയെ എതു തരത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതാണ് കാറുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. 90,000 രൂപ വരെയാണ് വിവിധ കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ സൗജന്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പടെ നിരവധി ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ജൂലൈ ഒന്നിന് മുമ്പ് പരമാവധി വാഹനങ്ങള്‍ വിറ്റഴിക്കാനാണ് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹ്യൂണ്ടായി വിവിധ മോഡലുകള്‍ക്ക് 25,000 മുതല്‍ 90,000 രൂപ വരെ കുറവ് നല്‍കുന്നുണ്ട്. എലൈറ്റ് ഐ20ക്ക്‌ 25,000 രൂപയും, ഇയോണിന്–45,000 രൂപയും, ഗ്രാന്‍ഡ് 10ന്‌ 62,000മുതല്‍ 73,000 രൂപ വരെയും, വെര്‍ണ 80,000 മുതല്‍ 90,000 രൂപ വരെയും വിലക്കിഴിവ് നല്‍കുന്നുണ്ട്. ജൂണ്‍ 26 വരെ പുതിയ ഓഫര്‍ ലഭ്യമാകുമെന്നാണ് ഹ്യൂണ്ടായ് അറിയിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയും കാറുകള്‍ ഓഫര്‍ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. ആള്‍േട്ടാ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ക്ക് 25,000 മുതല്‍ 35,000 രൂപ വരെയാണ് കിഴിവ്. മഹീന്ദ്ര സ്‌കോര്‍പ്പിയോക്ക് 27,000 രൂപ കിഴിവ് നല്‍കുമ്പോള്‍ ടി.യു.വി 300- 61,000 രൂപ, കെ.യു.വി 100ന് 72,000രൂപ എന്നിങ്ങനെയാണ് കിഴിവ്. എസ് യു.വി 500ന് 90,000 രൂപ വരെ കിഴിവ് നല്‍കാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്.