കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി: അഞ്ചു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

single-img
15 June 2017

ഗുഡ്ഗാവ്: അവധിക്കാലം ചെലവഴിക്കാന്‍ മുത്തച്ഛന്റെ വീട്ടില്‍ എത്തിയ ഇരട്ട പെണ്‍കുട്ടികള്‍ അടച്ചിട്ട കാറിനുള്ളില്‍ കുടുങ്ങി ചൂടേറ്റ് മരിച്ചു. രണ്ടു മണിക്കൂറോളം കാറിനുള്ളില്‍ കഴിഞ്ഞ 5 വയസ്സുള്ള ഹര്‍ജ, ഹരിഷിത എന്നീ കുട്ടികളാണ് മരിച്ചത്. ഗുജ്ഗാവില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നാടിനെ നടുക്കിയ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം മീററ്റിലേക്ക് പോകാന്‍ മണിക്കൂറുകള്‍ ശേഷി്ക്കെ ആയിരുന്നു ദുരന്തം.

അവധിക്കാലം ചെലവഴിക്കാന്‍ ജമല്‍പുരിലുള്ള മുത്തച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ഇവരുടെ പിതാവ് മീററ്റിലാണ് ജോലി ചെയ്യുന്നത്. മുത്തച്ഛന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ഹ്യൂണ്ടായ് കാറില്‍ കയറിയിരുന്ന് കളിക്കുകയായിരുന്നു കുട്ടികള്‍. പലപ്പോഴും കാറില്‍ കുട്ടികള്‍ കയറുന്നതിനാല്‍ വീട്ടുകാര്‍ വേണ്ടത്ര ശ്രദ്ധയും കൊടുത്തില്ല. അല്‍പ സമയത്തിനു ശേഷം കുട്ടികളെ കാറില്‍ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയുണ്ടായി.

സ്‌കൂള്‍ തുറന്നതോടെ മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ വൈകിട്ട് മീററ്റിലേക്ക് തിരിച്ചുപോകാനിരുന്നതാണ് കുട്ടികള്‍. കാറിന്റെ ഡോര്‍ അബദ്ധത്തില്‍ ലോക്ക് ആകുകയും ചില്ല് താഴ്ത്താന്‍ കഴിയാതെ വന്നതുമാണ് അപകടത്തിന് ഇടയാക്കിയത്.