ബീഫ് ഫെസ്റ്റ് നടത്തിയയിടം ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ച് യുവമോര്‍ച്ചക്കാരുടെ പ്രതിഷേധം

single-img
15 June 2017

തിരുവനന്തപുരം: വിതുരയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഫെസ്റ്റ് നടത്തിയിടം ചാണക വെള്ളം ശുദ്ധീകരിച്ച് യുവമോര്‍ച്ചക്കാര്‍ പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു.

ബീഫ് ഫെസ്റ്റ് നടത്തിയ വിതുര എസ്ബിഐ ബാങ്കിനു മുന്‍വശം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചതിനു ശേഷം നിര്‍ധനരായ 101 അമ്മമാര്‍ക്ക് അരിയും, വിതുര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പാല്‍പായസ വിതരണവും നടത്തുകയുണ്ടായി.

കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രധിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ വിതുരയില്‍ ബീഫ് ഫെസ്റ്റു സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പരിഹാസ പ്രതികരണം എന്ന നിലയിലാണ് യുവമോര്‍ച്ചക്കാര്‍ ശുദ്ധീകരണ പരിപാടി സംഘടിപ്പിച്ചത്.

ബിജെപി ജില്ലാ കമ്മിറ്റി അംഗം തള്ളച്ചിറ ഗിരികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിതുര ഗോപീകൃഷ്ണന്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.