ബ്രണ്ണന്‍ കോളജ് മാഗസിന്‍ ‘പെല്ലറ്റ്’ വിവാദത്തില്‍; ദേശീയഗാനത്തെയും ദേശീയപതാകയേയും അപമാനിച്ചു

single-img
14 June 2017

തലശ്ശേരി: ബ്രണ്ണന്‍ കോളജ് മാഗസിനിലെ ഉള്ളടക്കം വിവാദത്തില്‍. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയില്‍ ദേശീയഗാനത്തെയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിലൂടെ കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മാസികയെ ഉപയോഗിച്ചുവെന്നാണ് മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ആരോപണം.

മാസികയുടെ 13 ാം പേജില്‍ തിയേറ്ററില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്‍ദേശത്തെ പരിഹസിക്കുന്നതിനായി അശ്ലീല രേഖാചിത്രങ്ങള്‍ ചേര്‍ത്തുവെന്നാണ് പ്രധാന ആരോപണം. ‘കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ രേഖാചിത്രമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

കോളേജിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മാഗസിന്‍ വിവാദത്തിലായിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ മാഗസിന്റെ വിതരണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ വിതരണം ചെയ്ത കോപ്പികള്‍ തിരിച്ചെടുക്കണോ ബാക്കിയുള്ളവ വിതരണം ചെയ്യണോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്.

അശ്ലീല ചിത്രീകരണങ്ങളും സി.പി.എം. അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് മാഗസിനെന്ന് എ.ബി.വി.പിയും കെ.എസ്.യുവും കുറ്റപ്പെടുത്തുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കി വരച്ച കാരിക്കേച്ചറുകളെക്കുറിച്ചാണ് പ്രധാന വിമര്‍ശനം. തോക്കിന്‍ കുഴലിനെ അശ്ലീലമാക്കിയും ഹിന്ദുത്വ ചിഹ്നമാക്കിയും ചില സന്യാസിമാരെ അനുസ്മരിപ്പിക്കും വിധവും അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വിലകുറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനങ്ങളാണെന്ന് കെ..എസ്. യു. നേതാക്കള്‍ പറഞ്ഞു. ഇത്തരത്തില്‍ മാഗസിനെ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറിയിച്ചു.

എന്നാല്‍ മാഗസിനില്‍ സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.