തമിഴ്‌നാട് നിയമസഭയില്‍ നാടകീയരംഗങ്ങള്‍; ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറസ്റ്റില്‍

single-img
14 June 2017

ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എമാര്‍ വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും കയ്യാങ്കളിയും. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ എംഎല്‍എമാരെ സഭയില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കുകയും ധര്‍ണ്ണ നടത്തി റോഡ് ഗതാതഗം തടസ്സപ്പെടുത്തിയ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

വളരെ നാടകീയമായ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. പളനിസ്വാമി പക്ഷത്തിന് വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ എംഎല്‍എമാര്‍ കൈക്കൂലി വാങ്ങിയ സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വെക്കുകയും തുടര്‍ന്ന് സ്പീക്കര്‍ പി ധനപാല്‍ ഇവരെ സഭയില്‍ നിന്ന് പുറത്താക്കുകയുമായിന്നു.

തുടര്‍ന്ന് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ നിയമസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ‘എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക്‌ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയും ചെയ്തു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് സ്റ്റാലിന്‍ അടക്കമുള്ളവരെ പിന്നീട്
അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

വിശ്വാസവോട്ടെടുപ്പില്‍ എഐഎഡികെയ്ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് ശശികല നല്‍കിയ പണം എത്രയെന്ന് വെളിപ്പെടുത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു സഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുളളത് ആയതിനാല്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളമുണ്ടാകുന്നതും അവരെ ബലം പ്രയോഗിച്ച് പുറത്താക്കിയതും. 234 അംഗ നിയമസഭയില്‍ 88 അംഗങ്ങളാണ് ഡിഎംകെയ്ക്കുള്ളത്.