രാഹുല്‍ ഗാന്ധിയുടെ ഇറ്റലി സന്ദര്‍ശനം: ബിജെപി വടികൊടുത്ത് അടി വാങ്ങി

single-img
14 June 2017

അമ്മൂമ്മ പവോല മെയനോയെ കാണാന്‍ ഇറ്റലിയിലേയ്ക്ക് പോകുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ എന്തുകൊണ്ടാണ് ലോകപര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ എത്താത്തതെന്ന് പരിശോധിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ മറുപടി. മധ്യപ്രദേശില്‍ കര്‍ഷകരുടെ സമരം നടക്കുമ്പോള്‍ വിദേശയാത്ര പോകുന്ന രാഹുലിന്റെ നടപടിക്കെതിരെയായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

പ്രായമായ മുത്തശ്ശിയേയും മറ്റ് ബന്ധുക്കളെയും കാണാനാണ് രാഹുല്‍ പോകുന്നത്. എന്നാല്‍ ചിലരാകട്ടെ സ്വന്തം അമ്മയെ കാണാന്‍ പോകുന്നത് പോലും കാമറ കൊണ്ടാണെന്നും തിവാരി പരിഹസിച്ചു. പ്രധാനമന്ത്രി ജന്മനാട്ടിലെത്തുമ്പോള്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനെ പരിഹസിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.

കര്‍ഷകരെ കാണാന്‍ ആദ്യം എത്തിയ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ സര്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുനടക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒരു നിമിഷം കര്‍ഷകരുടെ പ്രശ്‌നം മനസ്സിലാക്കാന്‍ മാറ്റിവയ്ക്കാന്‍ തയ്യാറാകാത്തത്. കസാക്കിസ്ഥാനില്‍ നിന്ന് ജര്‍മ്മനിയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും മോഡി പറക്കുകയാണ്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പുറത്താക്കി ബി.ജെ.പി കര്‍ഷകരോട് മാപ്പ് പറയണമെന്നും തിവാരി പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഇറ്റലിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന വിവരം രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് രാഹുല്‍ കര്‍ഷകരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കുന്നില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം ഉല്ലാസയാത്രയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ബി.ജെ.പി നേതാവ് കൈലാസ് വിജയവര്‍ഗിയ വിമര്‍ശിച്ചത്.