കൊച്ചി മെട്രോ ഉദ്ഘാടനം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
14 June 2017

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍നിന്ന് മെട്രോമാന്‍ ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്കു കത്തയച്ചത്.

കെവി തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും വേദിയിലിരിക്കേണ്ടവരുടെ പട്ടികയിലുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിലാണ് ഈ പേരുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വേദിയില്‍ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ തയാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ എസ്പിജി സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷം അത് ചുരുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുള്‍പ്പെടെ വേദിയില്‍ ഇരിക്കുന്ന നാലുപേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കൊച്ചി മേയറും ഗതാഗതമന്ത്രിയും ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍കൂടി പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.

ഈ ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയില്‍ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്പിജിയുടെ നിര്‍ദേശപ്രകാരം കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.

അതേസമയം മെട്രോ വേദിയില്‍ ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. അസ്വാഭാവികത ഇല്ലാത്ത തീരുമാനം അംഗീകരിക്കുന്നതായും മെട്രോ ഉപദേഷ്ടാവ് പ്രതികരിച്ചു. എന്നാല്‍ ജനപ്രതിനിധികളെ വേദിയില്‍നിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.