കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ബ്രിട്ടീഷ് കോടതി; ഇന്ത്യക്കാര്‍ മറുപടി നല്‍കുന്നതില്‍ അത്ര കണിശക്കാരല്ലേ?

single-img
14 June 2017

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനായുള്ള കേസില്‍ അനാസ്ഥ കാണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് ബ്രിട്ടീഷ് കോടതി. ഇന്ത്യയോട് ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തി കേസ് നീട്ടികൊണ്ടു പോകുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.’ഇന്ത്യക്കാര്‍ മറുപടി നല്‍കുന്നതില്‍ പൊതുവേ അത്ര കണിശക്കാരല്ലേ? അവര്‍ ആറു മാസമാണ് എടുത്തത്. കഴിഞ്ഞ ആറ് ആഴ്ച്ചയായി നമ്മള്‍ മുന്നോട്ട് നീങ്ങിയിട്ടില്ല’ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനെ പരാമര്‍ശിച്ചുകൊണ്ടുള്ള വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഹാസം.

ഈ കേസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആരണ്‍ വാറ്റ് സമയം നീട്ടി ചോദിച്ചപ്പോഴായിരുന്നു ജഡ്ജി എമ്മ ലൂയിസ് ആബത്‌നോട്ടിന്റെ ഈ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള രേഖകളും തെളിവുകളും ലഭിക്കാന്‍ മൂന്ന്‌നാല് ആഴ്ച്ചയോളം വേണ്ടിവരുമെന്നായിരുന്നു ആരണ്‍ വാറ്റിന്റെ വിശദീകരണം. ആറ് ആഴ്ച്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഭരണകൂടത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും ഇതു വരെ ലഭിച്ചില്ലെന്നും വാറ്റ് വ്യക്തമാക്കി. വിവരങ്ങള്‍ ലഭിച്ച ശേഷം എന്ന് വാദം നടത്താന്‍ പറ്റുമെന്ന് ജൂലൈ ആറിന് കോടതിയില്‍ ചര്‍ച്ച ചെയ്യും. ഡിസംബര്‍ നാലിന് വാദം കേള്‍ക്കണോ അടുത്ത വര്‍ഷത്തേക്ക് നീട്ടിവെയ്ക്കണോ എന്നും മജിസ്‌ട്രേറ്റ് തീരുമാനിക്കും.

ബ്രിട്ടീഷ് കോടതിയില്‍ നിന്ന് ഇന്നലെ വിജയ്മല്ല്യ ഇന്ത്യയെ വെല്ലുവിളിച്ചിരുന്നു. താന്‍ പറ്റിച്ച് കടന്നുകളഞ്ഞതല്ലെന്നും നൂറ് കോടി പൗണ്ട് സ്വപ്നം കണ്ടിരുന്നോളാനും മല്ല്യ പറഞ്ഞു. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മല്ല്യയുടെ ഈ പ്രതികരണം. പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9,000 കോടിയോളം രൂപ വായ്പയെടുത്ത് മുങ്ങിയ മല്ല്യ ബ്രിട്ടനിലാണ് അഭയം തേടിയത്. മല്ല്യയെ വിട്ടുകിട്ടുന്നതിനായുള്ള കേസാണ് ബ്രിട്ടനില്‍ നടന്നുകൊണ്ടിരിക്കുന്നത്. വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഡിസംബര്‍ നാല് വരെയാണ് നിലവില്‍ മല്ല്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.