പനി കിടക്കയില്‍ കേരളം: സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 100ലേറെ പേര്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

single-img
14 June 2017

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഡെങ്കിപ്പനി മരണത്തിന് പുറമെ, ഇന്നലെ ഒരു മലേറിയ മരണവും സംഭവിച്ചു. തിരുവനന്തപുരം പൊഴിയൂരില്‍ 16 കാരനായ ജോബിനാണ് മരിച്ചത്. ഇതുവരെ 272 പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി പിടിപെട്ട് 41 പേരും പകര്‍ച്ചപ്പനി ബാധിച്ച് 17 പേരും മരിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെവരെ പനി ബാധിച്ചെത്തിയത് ഒന്നരലക്ഷത്തിലധികം പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതിന് പുറമെയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇന്നലെവരെ 1597 പേര്‍ക്ക് ഡെങ്കിപ്പനിയും 706 പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടു. എച്ച് 1 എന്‍ 1 ബാധിച്ച് 128 പേരും ചികിത്സക്കെത്തി. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നുണ്ട്. ഇതുസംബന്ധിച്ച പൂര്‍ണമായ കണക്കുകള്‍ ലഭ്യമല്ല. ഇതുകൂടി കണക്കിലെടുത്താല്‍ പനി പടര്‍ന്നുപിടിച്ചതിന്റെ വ്യാപ്തി വര്‍ധിക്കും.

ഡെങ്കിപ്പനി പെരുകുന്നത് ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ്. ഇത്തവണ ജൂണ്‍ പകുതിയെത്തും മുമ്പ് തന്നെ പനി ബാധിതരുടെ എണ്ണവും മരണവും മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലായി. സര്‍ക്കാരും ജനങ്ങളും ഒരു പോലെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പനിക്കണക്കും മരണക്കണക്കും അനിയന്ത്രിതമാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പതിവ് പനി സീസണ്‍ തീരാന്‍ രണ്ടര മാസം ബാക്കി നില്‍ക്കെ, പകര്‍ച്ചപ്പനിയും പനി മരണവും പിടിച്ചു നിറുത്താനാവുമെന്ന പ്രതീക്ഷ തകര്‍ക്കുന്നതാണ് അനുദിനം കൂടുന്ന പനി ബാധിതരുടെ എണ്ണവും മരണവും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും കൊതുക് നിവാരണവും നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണിത്. പനിയുള്ളവര്‍ സ്വയംചികിത്സ നടത്താതെ ഉടന്‍ തന്നെ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.