പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരായ സമരം; സ്ത്രീകളേയും കുട്ടികളേയും ബലമായി അറസ്റ്റ് ചെയ്തു നീക്കി

single-img
14 June 2017

കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ സമരം നടത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ജനവാസമേഖലയില്‍ എല്‍എന്‍ജി സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സമരക്കാരോട് ഒഴിഞ്ഞുപോകാനായി ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാത്തതോടെ പൊലീസ് സമരസ്ഥലത്ത് നിന്നും സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. പ്രകോപനമില്ലാതെയാണ് പോലീസ് തങ്ങളെ ബലം പ്രയോഗിച്ച് നീക്കിയതെന്ന് സമരക്കാര്‍ പറഞ്ഞു.

ഐ.ഒ.സി അധികൃതര്‍ പ്ലാന്റിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് സമരക്കാരെ മാറ്റാനായി പൊലീസ് എത്തിയത്. മാസങ്ങളായി പ്രദേശവാസികള്‍ ഇവിടെ സമരത്തിലാണ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള നിര്‍മാണമാണ് നടക്കുന്നതെന്നാരോപിച്ചാണ് സമരം.

എല്‍.എന്‍.ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. മേഖലയിലെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി തകിടം മറിക്കുന്നെന്നും പരാതിപ്പെടുന്നു. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തുണ്ട്.