ഖത്തര്‍: യുഎഇയും നിലപാട് മയപ്പെടുത്തി; ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ദുബായ് വഴിയുള്ള സര്‍വീസ് പുനരാരംഭിച്ചു

single-img
14 June 2017

ഖത്തര്‍ പ്രശ്‌നത്തില്‍ നിലപാട് മയപ്പെടുത്തി യുഎഇയും. വ്യോമഗതാഗത നിയന്ത്രണത്തിലാണ് യുഎഇ അയവ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ദുബായ് വഴിയുള്ള സര്‍വീസുകള്‍ അനുവദിച്ചു. ഇതോടെ ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ്, എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.

ഉപരോധത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ വെട്ടിക്കുറച്ച ലഗേജ് പരിധി വീണ്ടും 30 കിലോയാക്കി കൂട്ടി. ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജൂണ്‍ അഞ്ചു മുതല്‍ വിമാനങ്ങള്‍ ഒമാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. ഇതാകട്ടെ അധിക സമയം എടുക്കുന്നതും ദൂരക്കൂടുതലുമായിരുന്നു.

ഖത്തറിലോ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളിലോ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമായി വ്യോമഗതാഗതത്തിനുള്ള വിലക്ക് ചുരുക്കി. മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് യുഎഇയുടെ നിലപാട് മാറ്റം. യുഎഇയ്ക്ക് പിന്നാലെ ഈജിപ്തും ഉപരോധത്തില്‍ അയവ് വരുത്തി.

ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹായം നല്‍കാന്‍ സൗദിയും മുന്നോട്ട് വന്നിരിക്കുന്നത് പ്രതിസന്ധി അയവ് വരുന്നതിന്റെ സൂചനയായാണ്‌ കണക്കാക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് കുവൈറ്റ് അമീറിന്റെ മാദ്ധ്യസ്ഥ ശ്രമങ്ങളില്‍ കടുത്ത നടപടികളില്‍ നിന്നും വിട്ടു നില്‍ക്കാമെന്ന് സൗദിയും യുഎഇയും ഉറപ്പും നല്‍കിയിട്ടുണ്ട്.

നേരത്തെ ഖത്തറിന് ആവശ്യമെങ്കില്‍ ഏത് തരത്തിലുമുള്ള സഹായവും എത്തിക്കാന്‍ സൗദി തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞിരുന്നു. ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി.

സൗദിയുടെ അധികാര പരിധിയില്‍പ്പെടുന്ന വായു മാര്‍ഗം ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് സൗദിയുടെ പരമാധികാരത്തില്‍ പെടുന്നതാണ്. അല്ലാത്ത ഒരു ഉപരോധവും ഖത്തറിന് മേല്‍ സൗദി പ്രഖ്യാപിച്ചിട്ടില്ല എന്നും അല്‍ ജുബൈര്‍ അറിയിച്ചു. മറ്റു രീതികളില്‍ രാജ്യത്തെ വിമാനത്താവളം, തുറമുഖം ഉപയോഗിക്കുന്നതിന് ഖത്തറിന് ഒരു തടസ്സവും ഇല്ല എന്ന് അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.