245 കോടിയുടെ സമ്പാദ്യവുമായി ഷാരൂഖ് ബോളിവുഡിലെ ഏറ്റവും വലിയ പണക്കാരന്‍; സല്‍മാന്‍ ഖാന്‍ രണ്ടാമത്‌

single-img
14 June 2017

ലോകത്തിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് താര രാജാക്കന്‍മാരും. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ഇടംപിടിച്ചത്. പണക്കാരായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഷാരൂഖ് ഖാനാണ് ഒന്നാം സ്ഥാനത്ത്.

86ാം സ്ഥാനത്തായിരുന്ന കിങ് ഖാന്‍ ഇത്തവണ 65ാമതാണ്. 65ാം സ്ഥാനത്തുള്ള ഷാരൂഖിന്റെ സമ്പാദ്യം 245 കോടി രൂപയാണ്. സല്‍മാന്‍ ഖാന്‍ 71ാം സ്ഥാനത്താണ്; 238 കോടി രൂപ. 80ാം സ്ഥാനത്തുള്ള അക്ഷയ്കുമാര്‍ 225 കോടി രൂപ സമ്പാദിച്ചു. കഴിഞ്ഞ വര്‍ഷം കാര്യമായ ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ നിറഞ്ഞില്ലെങ്കിലും പരസ്യ ചിത്രങ്ങളില്‍ നിന്നുള്ള വരുമാനമാണ് ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഷാറൂഖിനെ ഒന്നാമതെത്തിച്ചത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ റാപ് സംഗീതജ്ഞനും സംരംഭകനും പ്രശസ്ത സ്റ്റേജ്‌ഷോ ‘ഡിഡ്ഡി’യുടെ അവതാരകനുമായ സീന്‍ കോംബ്‌സാണ്. 836 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. അമേരിക്കന്‍ ഗായകന്‍ ബിയോണ്‍സ് രണ്ടാമതും എഴുത്തുകാരി ജെ.കെ. റൗളിങ് മൂന്നാമതും സംഗീതജ്ഞന്‍ ഡ്രേക്ക് നാലാമതും പോര്‍ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അഞ്ചാമതുമുണ്ട്.

അതേസമയം പട്ടികയില്‍ 10 നടന്മാരുണ്ടെങ്കിലും ഒറ്റ നടിപോലും ഇടംപിടിച്ചില്ല. കൂടുതല്‍ സമ്പാദിക്കുന്ന പ്രശസ്തരുടെ എണ്ണത്തില്‍ സ്ത്രീകളുടെ അനുപാതം 16 ശതമാനം മാത്രമാണെന്ന് ഫോബ്‌സ് വെളിപ്പെടുത്തുന്നു. ഇവരുടെ സമ്പാദ്യം 5290 കോടി രൂപയാണ്. പട്ടികയില്‍ ആദ്യ റാങ്കിലുള്ള 100 പേരുടെ 201617 വര്‍ഷത്തെ സമ്പാദ്യം 35,420 കോടി രൂപയാണ്.